ചുവപ്പ് പ്രകാശത്തില്‍ കൊളോസിയം ; പാക്കിസ്ഥാനോട് പ്രതിഷേധവുമായി ഇറ്റലി

RomeColosseum

റോം: കൊളോസിയത്തിന് ചുവന്ന പ്രകാശം നല്‍കി പാക്കിസ്ഥാനോടുള്ള പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇറ്റലി. പാക്കിസ്ഥാനിലെ നിയമത്തിനെതിരെ പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ്‌ കൊളോസിയത്തെ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചത്.

‘എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു കൊളോസിയത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മതനിന്ദാ കുറ്റം ആരോപിച്ച് വധശിക്ഷ കാത്ത് കഴിയുന്ന അസിമാ ബീവിയുടെ ഭര്‍ത്താവിനെയും മകളെയും കാണുന്നതിന് നൂറുകണക്കിനാളുകള്‍ കൊളോസിയത്തിലെ പരിപാടിയില്‍ എത്തിയിരുന്നു.

ക്രിസ്ത്യാനിയായ അസിമാ ബീവിയെ അയല്‍വാസികള്‍ ഉപയോഗിക്കുന്ന ഗ്ലാസ്സില്‍ നിന്ന് വെള്ളം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അസിമാ ബീവി നടത്തിയ പരാമര്‍ശം മതനിന്ദയായി ആരോപിക്കപ്പെട്ടു. ഇതിന്റെ പേരില്‍ 2010 മുതല്‍ അസിമാ ബീവി തടവിലാണ്. അസിമാ ബീവിയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയത്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടുന്ന മനുഷ്യാവകാശ സംഘടനകള്‍ പാക്കിസ്ഥാന്റെ മതനിന്ദാ നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു. മുസ്ലീം ഇതര മതവിശ്വാസങ്ങളുള്ളവരെ മതനിന്ദാ നിയമത്തിലൂടെ ഇല്ലാതാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് ഇറ്റാലിയന്‍ ബിഷപ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ആര്‍ച്ബിഷപ് നൂണ്‍സിയോ ഗാലന്റിനോ വ്യക്തമാക്കിയിരുന്നു. അതേസമയം സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി പാക്കിസ്ഥാന്‍ നിയമം വളച്ചൊടിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Top