കോഴിക്കോട്: ഫുട്‌ബോള്‍ ആവേശം നിറഞ്ഞ മലബാറിന്റെ മണ്ണിലേക്ക് റൊണാള്‍ഡീന്യോ പറന്നിറങ്ങി. പ്രഭാതം മുതല്‍ കാത്തുനിന്ന ഫുട്‌ബോള്‍പ്രേമികള്‍ നിറഞ്ഞ ആവേശത്തോടെ താരത്തെ വരവേറ്റു.
കോഴിക്കോട് വിമാനത്താവളത്തില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് ഗംഭീര വരവേല്‍പ്പാണ് കാല്‍പ്പന്തുകളിയുടെ ആവേശം നെഞ്ചേറ്റിയ ജനത നല്‍കിയത്.
ആവേശം നിറഞ്ഞു തുളുമ്പിയതോടെ റൊണാള്‍ഡീന്യോയെ വിമാനത്താവളത്തിന് പുറത്തേക്കെത്തിക്കാന്‍ സംഘാടകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിക്കിനും തിരക്കിനുമിടയില്‍ ഏറെ പണിപ്പെടേണ്ടിവന്നു
21 വര്‍ഷത്തിന് ശേഷം നാഗ്ജി ഫുട്‌ബോളിന് പുനര്‍ജീവനേകാനുള്ള ദൗത്യവുമായാണ് റൊണാള്‍ഡീന്യോ കോഴിക്കോടിന്റെ മണ്ണിലിറങ്ങിയത്. ഫിബ്രവരി അഞ്ചിന് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വീണ്ടും പന്തുരുളുമ്പോള്‍ അത് കേരള ഫുട്‌ബോളില്‍ പുതിയ ചരിത്രംപിറക്കും.
ടൂര്‍ണമെന്റിന്റെ ട്രോഫി സേട്ട് നാഗ്ജി കുടംബത്തില്‍ നിന്ന് ഏറ്റുവാങ്ങി കെ.ഡി.എഫ്.എ.ക്ക് കൈമാറുന്നത് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ റൊണാള്‍ഡീന്യോയാണ്.
ഞായറാഴ്ച വൈകുന്നേരം ആറിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന നാല്‍പ്പത് മിനുട്ട് നീണ്ടുനില്‍ക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായാണ് അദ്ദേഹംവരുന്നത്.