കരഞ്ഞുതളര്‍ന്ന് റൊണാള്‍ഡോ; ലോകകപ്പ് ഫുട്ബാളിൽ ഈ ഇതിഹാസം ഇനിയില്ല

ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോ ചരിത്രമെഴുതിയപ്പോള്‍ വിരാമമാവുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സിആര്‍7ന്റെ അഞ്ച് ലോകകപ്പ് നീണ്ട ഐതിഹാസിക കരിയറാണ്. 20 വര്‍ഷത്തോളം പോര്‍ച്ചുഗല്‍ പടയെ നയിച്ച് ലോകം ചുറ്റിയ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കണ്ണീര്‍ മടക്കമായി. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ ഒറ്റ ഗോളില്‍ പോര്‍ച്ചുഗല്‍ പുറത്താവുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കരിയറിനാണ് വിരാമമായത്. വേഗവും താളവും കുറഞ്ഞ മുപ്പത്തിയേഴുകാരനായ റൊണാള്‍ഡോയ്‌ക്ക് അടുത്തൊരു ലോകകപ്പ് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ഖത്തറിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ 51-ാം മിനുറ്റില്‍ പകരക്കാനായി റോണോ കളത്തിലെത്തി. പക്ഷേ ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടാനായിട്ടില്ല എന്ന ചരിത്രം തിരുത്താന്‍ റോണോയ്‌ക്കായില്ല. അഞ്ച് ബാലന്‍ ഡി ഓര്‍ നേടിയ, ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ ഷോക്കേസില്‍ ലോകകപ്പ് കിരീടമെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. ഇനിയൊരിക്കലും ഫലിക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നം.

Top