ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനാണ് താത്പര്യമെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സില്‍വ , റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചെന്നാണ് സൂചന.
ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ റൊണാള്‍ഡോ അതൃപ്തനെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 36കാരനായ റോണാള്‍ഡോയും യുവന്റസും തമ്മിലുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. നേരത്തെ പിഎസ്ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടായില്ല.
റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ വാരം റൊണാള്‍ഡോ നിഷേധിച്ചിരുന്നു. ‘റയലില്‍ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവര്‍ക്ക് അത് സാന്റിയാഗോ ബെര്‍ണാബ്യൂവിലെ റയല്‍ മ്യൂസിയത്തില്‍ ചെന്നാല്‍ കാണാം. അതുപോലെ ഓരോ റയല്‍ ആരാധകന്റെ മനസിലും അതുണ്ട്. നേട്ടങ്ങളെക്കാളുപരി റയലിലുണ്ടായിരുന്ന ഒമ്പത് വര്‍ഷം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഞങ്ങള്‍ കഴിഞ്ഞത്. ആ സ്നേഹവും ആദരവും എനിക്കിപ്പോഴും ലഭിക്കുന്നുണ്ട്. അതിലെനിക്ക് സന്തോഷവുമുണ്ട്.
ഓരോ യഥാര്‍ത്ഥ റയല്‍ ആരാധകന്റെ ഹൃദയത്തിലും മനസിലും ഞാനുണ്ടാകുമെന്ന് ഉറപ്പാണ്. സ്പെയിനില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ എന്റെ പേര് നിരവധി ക്ലബ്ബുകളുമായി ചേര്‍ത്ത് പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് ആരും ഇതുവരെ ആരും അന്വേഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ പേര് വെച്ച് നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അവസാനമിടാന്‍ ഞാന്‍ തന്നെ നേരിട്ട് രംഗത്തുവന്നത്’- എന്നായിരുന്നു റോണോയുടെ പ്രതികരണം.