റൊണാള്‍ഡോയ്ക്ക് യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സി തന്നെ

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മടങ്ങിയെത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം. യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ക്രിസ്റ്റ്യാനോയ്ക്ക് തന്നെയെന്ന് ഉറപ്പായി. നിലവില്‍ ഏഴാം നമ്പറില്‍ കളിച്ചിരുന്ന എഡിസണ്‍ കവാനി ഇരുപത്തിയൊന്നാം നമ്പര്‍ കുപ്പായത്തിലേക്ക് മാറും.

സീസണ്‍ തുടങ്ങും മുന്‍പ് തന്നെ ഏതെല്ലാം ജേഴ്‌സി താരങ്ങള്‍ക്ക് നല്‍കുമെന്ന് വ്യക്തമാക്കണമെന്നാണ് ചട്ടം. താരം ക്ലബ് വിടാതെ സീസണിന് ഇടയില്‍ ജേഴ്‌സി നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാനാകില്ല. ഏഴാം നമ്പര്‍ ജേഴ്‌സി ഉറുഗ്വേ താരം എഡിന്‍സണ്‍ കവാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിരുന്നു യുണൈറ്റഡ്. കവാനി ഏഴാം നമ്പറില്‍ കളിക്കുകയും ചെയ്തു.

എന്നാല്‍ സൂപ്പര്‍താരത്തിനായി ഈ നിയമത്തെ തന്ത്രപൂര്‍വം മറികടക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ 21ാം നമ്പറില്‍ കളിച്ചിരുന്ന ഡാനിയേല്‍ ജയിംസിനെ ടീമില്‍ നിന്ന് യുണൈറ്റഡ് ഒഴിവാക്കിയിട്ടുണ്ട്. ജയിംസിനെ ലീഡ്‌സ് യുണൈറ്റഡിലേക്ക് പറഞ്ഞയക്കുന്നതോടെ 21ാം നമ്പര്‍ കുപ്പായം ഒഴിവുവരും

കവാനി 21ാം നമ്പറിലേക്ക് മാറുന്നതോടെ ഒഴിവ് വരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് നല്‍കാം എന്നാണ് യുണൈറ്റഡിന്റെ മനസില്‍. ഇത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുടെ സന്തോഷവും നല്‍കും. മടങ്ങിവരവില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരത്തിന് മുമ്പ് തന്ത്രപൂര്‍വം വലിയ പ്രതിസന്ധി മറികടക്കുകയാണ് ഇത്തരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

Top