റയല്‍ മാഡ്രിഡ് വിട്ട് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത് വളരെ അത്ഭുതത്തോടെയാണ് പല ആരാധകരും കണ്ടത്. പലപ്പോഴും റയലിനെ തന്റെ സ്വന്തം എന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തിയ റോണോ പിന്നെന്തുകൊണ്ട് പെട്ടെന്നൊരു ദിവസം ആ ക്ലബ് വിട്ടു എന്നാണ് എല്ലാവരും ചിന്തിച്ചത്. ഇപ്പോള്‍ ഇതാ റോണോയുടെ കൂടുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാന്‍ ജനുവരിയില്‍ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് ഏജന്റ് പറയുന്നത്. റോണോ ജനുവരിയില്‍ തന്നെ തനിക്ക് യുവന്റസില്‍ ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നു, പക്ഷെ ആ ഘട്ടത്തില്‍ ഒരു ഡീല്‍ ഉറപ്പാക്കാന്‍ കഴിയുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി ട്യൂറിനില്‍ താന്‍ യുവന്റസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ട്രാന്‍സ്ഫറില്‍ ഉദ്ദേശിച്ച നീക്കുപോക്കുണ്ടായെന്നും മെന്‍ഡസ് പറഞ്ഞു.ഇങ്ങനെയാണ് റോണോ യുവന്റസിലേക്ക് ചേക്കേറിയത്.
ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തിയ റോണോ മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ച വെക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് റയല്‍ മാഡ്രിഡ് വിട്ട് റൊണാള്‍ഡോ 112 മില്യണ്‍ യൂറോയുടെ കരാറില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസില്‍ എത്തിയത്.