ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് പുതുമുഖ ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയൈബ് ബഷീര്‍ പുറത്ത്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് പുതുമുഖ ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയൈബ് ബഷീര്‍ പുറത്ത്. പാകിസ്ഥാനി വംശജനായ താരം വിസ ലഭിക്കാത്തതിനാല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി എന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. സഹതാരങ്ങളെല്ലാം ഇന്ത്യയിലേക്ക് വിമാനം കയറിയപ്പോള്‍ ഇരുപതുകാരനായ ഷൊയൈബ് ബഷീര്‍ അബുദാബിയില്‍ തുടരുകയായിരുന്നു. എന്നാല്‍ താരത്തിന് ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചില്ല എന്നും ബിബിസി വാര്‍ത്തയില്‍ പറയുന്നു. ഡിസംബര്‍ മധ്യേ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടും ബഷീറിന് വിസ കിട്ടാത്തതിലുള്ള അതൃപ്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പ്രകടിപ്പിച്ചു.

‘ഇന്ത്യന്‍ വിസ പ്രശ്‌നം നേരിടുന്ന ആദ്യ താരമല്ല ഷൊയൈബ് ബഷീര്‍. ഞാന്‍ മുമ്പ് ഒപ്പം കളിച്ച പല താരങ്ങളും സമാന പ്രശ്‌നം നേരിട്ടുണ്ട്’ എന്ന് സ്റ്റോക് കൂട്ടിച്ചേര്‍ത്തു. ഇതോടെ ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് ബഷീറിന് നഷ്ടമാകും. വെറും ആറ് ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച് പരിചയമുള്ള ഷൊയൈബ് ബഷീറിനെ വളരെ അപ്രതീക്ഷിതമായാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ക്ഷണിച്ചത്. ‘ഏറെ അസ്വസ്ഥനാക്കുന്ന വാര്‍ത്തയാണിത്. ഡിസംബര്‍ മധ്യേ നമ്മള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതാണ്. എന്നാലിപ്പോള്‍ ഷൊയൈബ് ബഷീര്‍ വിസ പ്രശ്‌നം നേരിടുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ അവസരത്തില്‍ തന്നെ ഒരു യുവതാരം ഈ ബുദ്ധിമുട്ട് നേരിടുന്നത് ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് എന്നെ കൂടുതല്‍ അസ്വസ്തനാക്കുന്നു’ എന്നും സ്റ്റോക്‌സ് പറഞ്ഞു.

Top