അമേരിക്കയുടെ പേടിപ്പിക്കൽ നടക്കില്ല, അനിവാര്യമായി തിരിച്ചടി നൽകാൻ ഇറാൻ !

റാനെ ചോരയില്‍ മുക്കി അങ്ങ് ഇല്ലാതാക്കി കളയാം എന്നാണ് അമേരിക്കയുടെ മോഹമെങ്കില്‍ അതെന്തായാലും അതിമോഹമായിരിക്കും. പേര്‍ഷ്യന്‍ പോരാളികളുടെ പോരാട്ട വീര്യത്തെ ടെക്‌നോളജി കൊണ്ടു മാത്രം കീഴടക്കാന്‍ ഒരിക്കലും അമേരിക്കക്ക് കഴിയുകയില്ല.

ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന നടപടിയാണ് ഖാസിം സുലൈമാനിയെ വധിച്ച നടപടിയിലൂടെ അമേരിക്ക ചോദിച്ചു വാങ്ങുന്നത്.

ഇറാന്റെ തിരിച്ചടി ഭയന്ന് 52 സ്ഥലങ്ങള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പാണിപ്പോള്‍ യുദ്ധ കൊതിയന്‍ ട്രംപ് നല്‍കിയിരിക്കുന്നത്. മനോനില തെറ്റിയവന്റെ വിഭ്രാന്തിയാണിത്. ഇറാനെ അമേരിക്ക ആക്രമിക്കുന്നത് റഷ്യയും ചൈനയുമൊന്നും ഒരിക്കലും കയ്യും കെട്ടി നോക്കി നില്‍ക്കുകയില്ല. യഥാര്‍ത്ഥത്തില്‍ പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും ഇറാന്റെ പരിതിയിലാണുള്ളത്. ഇക്കാര്യം ഇറാന്‍ സൈനിക നേതൃത്വം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

അവസാന ശ്വാസം വരെയും ഇറാനിലെ ഓരോ പൗരനും സാമ്രാജ്യത്വ കഴുകനെതിരെ പോരാടുക തന്നെ ചെയ്യുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അക്കാര്യം എന്തായാലും ഉറപ്പാണ്.

യുദ്ധ കാഹളം മുഴക്കിയാണ് ഇറാനിലെ ക്യോ ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പ് കൊടി ഉയര്‍ന്നിരിക്കുന്നത്. പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ വിളംബരമാണിത്.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ നടന്ന സ്‌ഫോടനങ്ങളെല്ലാം സാമ്പിള്‍ വെടിക്കെട്ടാണ്. യഥാര്‍ത്ഥ പ്രതികാരം ഇറാന്‍ ഇനി ചെയ്യാനിരിക്കുന്നതേയൊള്ളു.

അമേരിക്ക – ഇറാന്‍ സംഘര്‍ഷം മൂര്‍ച്ചിച്ച സാഹചര്യത്തില്‍ മധ്യപൂര്‍വ ദേശത്തെ രാജ്യങ്ങളും ഇപ്പോള്‍ വലിയ ആശങ്കയിലാണ്. സൗദിയും യു.എ.ഇയുമെല്ലാം പേടിച്ച് വിറച്ചിരിക്കുകയാണ് എന്നതാണ് സത്യം. ലോകത്തെ ഏറ്റവും ശക്തമായ ഒരു മുസ്ലീം രാജ്യത്തെ നശിപ്പിക്കുന്നതിന് കുട പിടിച്ചവരെല്ലാം കൂട് തന്നെ തകരുമോ എന്ന ഭീതിയിലാണിപ്പോള്‍ കഴിയുന്നത്.

അമേരിക്കന്‍ സൈന്യത്തിന് ചുവപ്പ് പരവതാനി വിരിച്ച് സഹായം ചെയ്യുന്നതിനെതിരെ അറബ് രാഷ്ട്രങ്ങളിലും പ്രതിഷേധം ശക്തമാണ്.

മുസ്ലീം രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത ആളിക്കത്തിച്ച് സാമ്രാജ്യത്വ കഴുകന്‍ അതിന്റെ അജണ്ടയാണ് നിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറലിന്റെ ദാരുണ കൊലപാതകം.

ഇറാന്‍ ഇന്ന് പഴയ ഇറാനല്ല. സൈനിക കരുത്തില്‍ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടിപ്പോള്‍ ആ രാജ്യം.

2003ല്‍ ഇറാഖ് യുദ്ധ സമയത്തുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി ജനം ഇന്ന് ഇറാനിലുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയേക്കാളും വലിയ രാജ്യം കൂടിയാണ് ഇറാന്‍. അതിര്‍ത്തിയില്‍ പര്‍വതപ്രദേശമായതിനാല്‍ത്തന്നെ സൈനിക നീക്കങ്ങള്‍ക്ക് അമേരിക്ക ഏറെ പാടുപെടും. ഇറാന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ അഫ്ഗാനാണ്. പടിഞ്ഞാറ് തുര്‍ക്കിയും. രണ്ടു വഴിയിലൂടെയും ഇറാനിലേക്ക് കടക്കാന്‍ അത്രയെളുപ്പം അമേരിക്കക്ക് സാധിക്കുകയില്ല.

ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ സൈന്യം ഇറാനിലേക്കു കടന്ന തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജലപാത മാത്രമേ അമേരിക്കക്ക് മുന്നിലുള്ളൂ. അപ്പോഴും അമേരിക്കയുടെ നീക്കം തിരിച്ചറിഞ്ഞാല്‍ ഇവിടെ എളുപ്പം പ്രതിരോധം തീര്‍ക്കാന്‍ ഇറാന് കഴിയും. ഇതുകൊണ്ടൊക്കെയാണ് ഇറാനെ ‘ഉരുക്ക് കോട്ട’യെന്ന് ശത്രുക്കള്‍ പോലും വിശേഷിപ്പിക്കുന്നത്.

ഇറാന്‍ കീഴടക്കണമെങ്കില്‍ അമേരിക്കക്ക് 16 ലക്ഷം സൈനികരെയെങ്കിലും ഇറക്കേണ്ടി വരും. എന്നാല്‍ അത്രയും പേര്‍ക്ക് ക്യാംപ് ചെയ്യാനുള്ള സൗകര്യം എവിടെ നിന്നു ലഭിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്. ഇറാഖില്‍ പോലും അമേരിക്കക്ക് ഒരുസമയം 1.8 ലക്ഷത്തില്‍ കൂടുതല്‍ സൈനികരുണ്ടായിട്ടില്ല. ബലപ്രയോഗത്തിലൂടെ ഇറാന്‍ പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിലും മരിച്ചു വീഴുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണവും തിട്ടപ്പെടുത്താന്‍ കഴിയുകയില്ല.

യുദ്ധമുണ്ടായാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെയും അത് താറുമാറാക്കും. വീറ്റോ അധികാരമുള്ളതിനാല്‍ത്തന്നെ യുദ്ധത്തെ ന്യായീകരിക്കാനുള്ള അമേരിക്കയുടെ ഏതൊരു നീക്കത്തെയും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ എതിര്‍ക്കാന്‍ റഷ്യയ്ക്കും ചൈനയ്ക്കും എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും.

ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡുമാരുടെയും ഇറാന്റെ പിന്തുണയോടെ മധ്യപൂര്‍വ ദേശത്തു പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളുടെയും കരുത്തിനെ യുദ്ധസാഹചര്യത്തില്‍ ആര്‍ക്കും വിലകുറച്ചു കാണാനാകില്ല. മേഖലയിലെ അമേരിക്കന്‍ പൗരന്മാരെയും സൈന്യത്തെയും നയതന്ത്ര പ്രതിനിധികളെയും ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കാനായിരിക്കും ഇറാന്‍ ഇനി ശ്രമിക്കുക.

താരതമ്യേന ദുര്‍ബലമായ സിറിയയിലെ അമേരിക്കന്‍ സൈനികരെ എളുപ്പത്തില്‍ ലക്ഷ്യംവയ്ക്കാനും ഇറാന് കഴിയും. അവിടെ എണ്ണത്തിലും പ്രതിരോധനീക്കത്തിലും മുന്നില്‍ ഇറാന്റെ സൈന്യമാണുള്ളത്. ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനകളുടെ ഇറാഖിലെ ശക്തികേന്ദ്രങ്ങളോട് ചേര്‍ന്ന് ഒട്ടേറെ അമേരിക്കന്‍ പൗരന്മാരും താമസിക്കുന്നുണ്ട്. അവരെ ലക്ഷ്യമിട്ടും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇറാന്റെ സഹായം പറ്റുന്ന ലെബനനിലെ ഹിസ്ബുല്ല പോലുള്ള സായുധ സംഘടനകള്‍ ആക്രമിക്കുമോയെന്ന ആശങ്ക ഇസ്രയേലിനും നിലവിലുണ്ട്. 2006ല്‍ ഇസ്രയേല്‍-ഹിസ്ബുല്ല പോരാട്ടം ലോകം കണ്ടതാണ്. ഒരു മാസം നീണ്ട പോരാട്ടത്തില്‍ 4000 റോക്കറ്റിലേറെയാണ് ഹിസ്ബുല്ല ഇസ്രയേലിലേക്കു പ്രയോഗിച്ചത്. ഇസ്രയേലാകട്ടെ ലെബനനിനെ ആക്രമിച്ചത് 7000ത്തിലേറെ ബോംബുകളും മിസൈലുകളും പ്രയോഗിച്ചായിരുന്നു. അന്ന് 160 ഇസ്രയേല്‍ സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്. ലെബനനിലാകട്ടെ മരണസംഖ്യ 1100ഉം ആയിരുന്നു.

യുഎഇ, സൗദി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം അഴിച്ചുവിടാനും സായുധ സംഘടനകളോട് ഇറാന്‍ നിര്‍ദേശിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സൗദിക്ക് നേരെ ആക്രമണം ശക്തമാക്കാന്‍ യെമനിലെ ഹൂതി വിമതര്‍ക്ക് കൂടുതല്‍ ആയുധങ്ങളും ധനസഹായവും എത്തിക്കാനും ഇറാനാകും. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഇറാന് ‘സ്ലീപ്പര്‍ സെല്ലുകള്‍’ ഉള്ളതായാണ് പുറത്ത് വരുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമായിരിക്കുമെന്നത് ആര്‍ക്കും ഒരിക്കലും പ്രവചിക്കാന്‍ കഴിയുന്നതല്ല.

1994ല്‍ അര്‍ജന്റീനയുടെ തലസ്ഥാനം ബ്യൂണസ് ഐറിസിലുള്ള ജൂതവിഭാഗക്കാരുടെ കെട്ടിടത്തില്‍ ഇറാന്‍ ബന്ധമുള്ള വിഭാഗം നടത്തിയ ആക്രമണം ഞെട്ടിക്കുന്നതാണ്. അന്ന് 85 പേരാണു കൊല്ലപ്പെട്ടത്, മുന്നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു അത്.

‘ഇറാന്‍ പിന്തുണയോടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളാണ് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും മറ്റൊരു വെല്ലുവിളിയാവുക. യുദ്ധമുണ്ടായാല്‍ ഇറാന്‍ ലക്ഷ്യമിടുക, അമേരിക്കക്ക് സ്വന്തം പൗരന്മാര്‍ക്കും സൈന്യത്തിനും കാര്യമായ സുരക്ഷ ഉറപ്പു നല്‍കാന്‍ പറ്റാത്ത രാജ്യങ്ങളെയായിരിക്കും.

അമേരിക്കക്കെതിരെ ഇറാന് ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു യുദ്ധതന്ത്രം സൈബര്‍ ആക്രമണങ്ങളാണ്. 2011 മുതല്‍ ഇതുവരെ നാല്‍പതിലേറെ അമേരിക്കന്‍ ബാങ്കുകള്‍ക്കു നേരെയാണ് ഇറാന്‍ സൈബര്‍ ആക്രമണം നടത്തിയിരിക്കുന്നത്. എണ്ണക്കമ്പനിയായ സൗദി അറാംകോയ്ക്കു നേരെ ഇറാന്‍ വൈറസാക്രമണം നടത്തിയത് 2012ലാണ്. കമ്പനിയുടെ കംപ്യൂട്ടറുകളിലെ 75% വരുന്ന രേഖകളും മെയിലുകളും മറ്റു ഫയലുകളും അന്നത്തെ ആക്രമണത്തില്‍ നശിച്ചിരുന്നു. പകരം കംപ്യൂട്ടറില്‍ പ്രത്യക്ഷപ്പെട്ടതാകട്ടെ കത്തുന്ന അമേരിക്കന്‍ പതാകയുമായിരുന്നു.

എണ്ണ, എല്‍പിജി, സാമ്പത്തിക മേഖല, ഇലക്ട്രിക് പവര്‍ ഗ്രിഡ് എന്നിവ ലക്ഷ്യമിട്ടായിരിക്കും യുദ്ധകാലത്ത് പ്രധാന സൈബര്‍ ആക്രമണം നടക്കുക. ഇതിനോടകം തന്നെ പലയിടത്തും സൈബര്‍ നുഴഞ്ഞു കയറ്റത്തിനുള്ള ഒരുക്കങ്ങള്‍ ഇറാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമേരിക്കയിലെയും ഗള്‍ഫിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളിലെ പാസ്വേഡുകളും മറ്റും സ്വന്തമാക്കി നെറ്റ്വര്‍ക്കിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം ഇറാന്‍ സൈബര്‍ പോരാളികള്‍ ആരംഭിച്ചതായി സിഐഎയും കണ്ടെത്തിയിട്ടുണ്ട്.

ഈ അമേരിക്കന്‍ ചാരസംഘടനയുടെ പ്രതീക്ഷക്കപ്പുറമാണ് സൈബര്‍ രംഗത്തെ ഇറാന്റെ നുഴഞ്ഞു കയറ്റം. തങ്ങളുടെ പ്രിയ കമാന്റര്‍ ജനറലിനെ വധിച്ചതിലുള്ള പ്രതികാരം ഏറ്റവും കടുപ്പമേറിയതാവണമെന്ന വാശിയിലാണ് ഇറാന്‍ സൈന്യം നീങ്ങുന്നത്.

ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക തലവനായിരുന്നു കൊല്ലപ്പെട്ട സുലൈമാനി. ഐഎസ്, അല്‍ ഖ്വായ്ദ ഉള്‍പ്പെടെയുള്ള ആഗോള ഭീകരര്‍ക്കെതിരെ പട നയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

സിറിയ, ഇറാഖ്.എന്നിവടങ്ങളിലെ ഭീകരരെ തുരത്തുന്നതിലാണ് ഈ ഇറാന്‍ കമാന്‍ഡര്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നത്.

അമേരിക്ക അന്താരാഷ്ട്ര സഖ്യം രൂപീകരിച്ച് രംഗത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഭീകരര്‍ക്കെതിരെ രംഗത്തിറങ്ങിയ സൈനിക മേധാവിയാണ് സുലൈമാനി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനയാണ് ഭീകര കേന്ദ്രങ്ങള്‍ മിക്കതും ചാമ്പലാക്കിയിരുന്നത്.

അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സുലൈമാനിയുടെ പങ്ക് റഷ്യ എടുത്ത് പറഞ്ഞതും അതു കൊണ്ടു തന്നെയാണ്. ആഗോള സുരക്ഷയെ തന്നെ ഈ കൊലപാതകം സാരമായി ബാധിക്കുമെന്നും റഷ്യ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാക്കിസ്ഥാനെ പോലും വിറപ്പിച്ച ഈ സൈനിക മേധാവി ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രിയപ്പെട്ടതാണ്. 2019 ഫെബ്രുവരി 13ന് ഐ.ആര്‍.ജി.സിയുടെ 27 അംഗങ്ങള്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സൊലേമാനി പാക്കിസ്ഥാന് എതിരെ തിരിഞ്ഞിരുന്നത്.ഇറാനെ പരീക്ഷിച്ചാല്‍ ആക്രമിക്കാന്‍ മടിക്കില്ലന്നായിരുന്നു മുന്നറിയിപ്പ്. തുടര്‍ന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പീരങ്കി ആക്രമണവും നടത്തുകയുണ്ടായി. നിരവധി ഭീകരരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

ഇതെല്ലാം മറന്ന് സുലൈമാനി ന്യൂഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇത് ഇന്ത്യയെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടുള്ള നീക്കമാണ്. ഇന്ത്യക്ക് വിശ്വസിക്കാന്‍ പറ്റാവുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാന്‍ എന്ന കാര്യം അമേരിക്ക മറന്നുപോകരുത്. പാകിസ്ഥാനെ അമേരിക്ക സഹായിച്ച കാലങ്ങളില്‍ പോലും ഇന്ത്യക്കൊപ്പം ഉറച്ചു നിന്ന ചരിത്രമാണ് ഇറാനും റഷ്യക്കുമെല്ലാമുള്ളത്.

ഇറാന്‍ സൈനിക കമാന്‍ഡറെ അമേരിക്ക വധിച്ചതിനെ ഇന്ത്യയും അപലപിക്കണമായിരുന്നു. അത് ചെയ്യാതിരുന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണ്. അമേരിക്കയെ പിണക്കാന്‍ പറ്റാത്തതിനാല്‍ സമദൂര നിലപാടാണ് ഇന്ത്യയിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ചൈനയും റഷ്യയും അമേരിക്കന്‍ കടന്നാക്രമണത്തെ അപലപിച്ചപ്പോള്‍ സംയമനം പാലിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിലപാട് ഭാവിയില്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കും മറ്റുമായി സ്വന്തം തുറമുഖം തന്നെ ഇന്ത്യക്ക് വിട്ടു നല്‍കിയ രാജ്യമാണ് ഇറാന്‍. പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ഒന്നാം മിന്നല്‍ ആക്രമണത്തിന്റെ തൊട്ടു പിന്നാലെയായിരുന്നു പാക്കിസ്ഥാനില്‍ ഇറാനും ആക്രമണം നടത്തിയിരുന്നത്.

ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് വെല്ലുവിളി ഉയര്‍ത്തുന്നതിലും ഇറാനും അഫ്ഗാനിസ്ഥാനും വലിയ പങ്കുണ്ട്. ഈ രണ്ട് രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാന്‍, ഇറാന്‍ – അഫ്ഗാന്‍ അതിര്‍ത്തികളെ ഏറെ ഭയക്കുന്നുണ്ട്. ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ഈ മേഖലകള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയാണ് അവരുടെ ചങ്കിടിപ്പിക്കുന്നത്.

ഇന്ത്യയുമായി വളരെ അടുപ്പമുള്ള രാജ്യങ്ങളായതിനാല്‍ ഇറാനും അഫ്ഗാനിസ്ഥാനും കട്ട സപ്പോര്‍ട്ടാണ് നല്‍കിവന്നിരുന്നത്.

മാത്രമല്ല, 83 ശതമാനത്തോളം എണ്ണയും പുറത്ത് നിന്നും ഇറക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇറാന്‍ എന്നും വലിയ ആശ്രയമായിരുന്നു. എന്നാലിപ്പോള്‍ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് എണ്ണ ഇറക്കുമതി പോലും വലിയ തോതിലാണിപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. നിലവില്‍ സൗദി അറേബ്യയെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രധാനമായും ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. നഷ്ടകച്ചവടം എന്നു തന്നെ ഇതിനെയും വിലയിരുത്തേണ്ടി വരും.

ആപത്ത് കാലത്ത് സഹായിക്കുന്ന സുഹൃത്താണ് എല്ലാവര്‍ക്കും എപ്പോഴും പ്രിയപ്പെട്ടതായി മാറുക. അങ്ങനെ നോക്കിയാല്‍ ചൈനയുടെയും റഷ്യയുടെയും നിലപാട് ഇപ്പോള്‍ ഇറാന്‍ ജനതയുടെ മനം കവരുന്നതാണ്. ഇന്ത്യ അമേരിക്കന്‍ ആക്രമണത്തെ അപലപിക്കണമെന്ന് ആ രാജ്യം വല്ലാതെ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. അതുണ്ടാവാത്തത് ഇന്ത്യയുമായുള്ള ഇറാന്‍ ബന്ധത്തെയാണ് ഇനി ബാധിക്കാന്‍ പോകുന്നത്.

സാമ്പത്തിക, ആയുധ താല്‍പ്പര്യങ്ങള്‍ക്കപ്പുറും ശരിയുടെ ഭാഗത്ത് നില്‍ക്കാനാണ് ഇന്ത്യന്‍ ഭരണകൂടം തയ്യാറാകേണ്ടിയിരുന്നത്.

സുലൈമാനിയെ വധിച്ചതിലൂടെ തെറ്റ് ചെയ്തത് അമേരിക്കയാണ്. യുദ്ധക്കൊതിയനായ ട്രംപ് ആണ് ഒന്നാം നമ്പര്‍ കുറ്റവാളി. അമേരിക്ക തീവ്രവാദിയായി മുദ്രകുത്തിയത് കൊണ്ടു മാത്രം ആരും ഇവിടെ വെറുക്കപ്പെട്ടവനാവില്ല.

സുലൈമാനിയുടെ കൊലപാതകത്തിലൂടെ ഇറാനെതിരായ യുദ്ധ കാഹളമാണ് ട്രംപ് ഭരണകൂടം മുഴക്കിയിരിക്കുന്നത്.

ഭൂരിപക്ഷം വരുന്ന അമേരിക്കന്‍ ജനത പോലും ഒരു യുദ്ധം ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അവിടുത്തെ പ്രതികരണങ്ങളില്‍ നിന്നു തന്നെ അക്കാര്യം വ്യക്തവുമാണ്. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ മിക്ക അംഗങ്ങളും ട്രംപിന്റെ എടുത്ത് ചാട്ടത്തില്‍ രോഷാകുലരാണിപ്പോള്‍.

ഹോളിവുഡ് സെലിബ്രിറ്റികളായ ജോണ്‍ കസാക്ക് ഉള്‍പ്പെടെയുള്ള വലിയ വിഭാഗം അമേരിക്കയുടെ യുദ്ധ പ്രഖ്യാപനത്തിന് എതിരെ പരസ്യമായിതന്നെ രംഗത്ത് വന്നിട്ടുണ്ട്.

അമേരിക്കയുടെ പേരില്‍ ഇറാനോട് മാപ്പ് പറഞ്ഞാണ് നടി റോസ് മക്‌ഗോവന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘പ്രിയപ്പെട്ട ഇറാന്‍, അമേരിക്ക നിങ്ങളുടെ രാജ്യത്തെയും പതാകയെയും നിങ്ങളുടെ ജനങ്ങളെയുമാണ് അവഹേളിച്ചിരിക്കുന്നത്. ഞങ്ങളില്‍ 52 ശതമാനം പേരും ഇതില്‍ മാപ്പു പറയുന്നു’എന്നതായിരുന്നു ഈ ഹോളിവുഡ് നടിയുടെ പ്രതികരണം.

കിം ജോങ് ഉന്‍ ഒരു മിസൈല്‍ തിരിച്ച് വച്ചപ്പോള്‍ പേടിച്ച് വിറച്ച അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോള്‍ സാഹസത്തിന് മുതിര്‍ന്നത് തന്നെ സ്വാര്‍ത്ഥ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ്.

അമേരിക്കന്‍ സെനറ്റില്‍ നടക്കുന്ന ഇംപീച്ച്‌മെന്റും അടുത്ത് തന്നെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ഈ കുരുതി. യുദ്ധാന്തരീക്ഷം ഈ ഡ്രാക്കുളയിപ്പോള്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.

നേരിട്ട് ഏറ്റുമുട്ടാന്‍ ചങ്കുറപ്പില്ലാത്തവരാണ് ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞ് നിന്ന് സുലൈമാനിയെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇനി ഇറാന്റെ ഊഴമാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശരിക്കും ആ രാജ്യത്തിന് നന്നായി അറിയാം. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ വ്യക്തമായി കഴിഞ്ഞു.

അമേരിക്ക അംഗീകരിച്ചാലും ഇല്ലങ്കിലും ആണവായുധം കൈവശമുള്ള രാജ്യം തന്നെയാണ് ഇറാന്‍. യുദ്ധം ചെയ്ത് പരിചയ സമ്പന്നരായ മണ്ണും പോരാളികളുമാണ് ആ രാജ്യത്തിന്റെ സമ്പത്ത്. റഷ്യയും ചൈനയും ഇറാന് ശക്തമായ പിന്തുണയുമായി രംഗത്തിറങ്ങുക കൂടി ചെയ്താല്‍ അത് ലോക മഹായുദ്ധത്തിലാണ് കലാശിക്കുക.

Staff Reporter

Top