മൈ സ്‌റ്റോറിക്കെതിരെ കുപ്രചരണം;സിനിമാ ലോകത്തിന്റെ പിന്തുണ ആവശ്യമെന്ന് റോഷ്‌നി ദിനകര്‍

roshni

പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ‘മൈ സ്റ്റോറി’ എന്ന സിനിമയ്‌ക്കെതിരേ സൈബര്‍ ലോകത്ത് വ്യാപക കുപ്രചാരണം നടക്കുകയാണെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. 18 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം ഒരു വിധത്തിലാണ് റിലീസ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. പാര്‍വതിയും പൃഥ്വിരാജും അമേരിക്കയിലായതിനാല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുടുംബമായി കാണാന്‍ കൊള്ളാത്ത സിനിമയെന്നാണ് വ്യാപക പ്രചരണം. പാര്‍വതിയെക്കുറിച്ചാണ് കൂടുതല്‍ അധിക്ഷേപം. എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ചിത്രത്തിന്റെ ട്രെയിലറുകള്‍ നീക്കം ചെയ്തായിരുന്നു ആദ്യ നീക്കം.

എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വ്വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണം. നാളെ ആരുടെ പടത്തിന് വേണമെങ്കിലും ഇത് സംഭവിക്കാം.

വിഷയം ഡബ്ല്യു.സി.സി.യുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനെതിരേ വ്യാപകമായി സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ ഫെഫ്കയിലും ബംഗളൂരുവില്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയതായി റോഷ്‌നി പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ക്കിടയിലും സിനിമയ്ക്ക് നല്ല റേറ്റിങ് ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

‘ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വ്വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്. ലാലേട്ടനുമായി സംസാരിച്ചപ്പോള്‍ സിനിമ നല്ലതാണെന്ന് പറയിപ്പിക്കുക മാത്രമാണ് വഴിയെന്ന് അദ്ദേഹം പറഞ്ഞു’. റോഷ്‌നി വ്യക്തമാക്കി.

പൃഥിരാജും പാര്‍വ്വതിയും വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ ജയന്‍,ഗണേശ് വെങ്കട്ടരാമന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു. സ്‌പെയിനും പോര്‍ച്ചുഗലുമായിരുന്നു പ്രധാന ലൊക്കേഷന്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളാണ് സിനിമയിലുള്ളത്. ബി.കെ.ഹരിനാരായണനാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിരിക്കുന്നത്. ഹരീബ് ഹുസൈന്‍, മേഘ ജോസ്‌കുട്ടി, ശക്തിശ്രീ ഗോപാലന്‍, ശ്രേയ ഘോഷല്‍, ഹരിചരണ്‍, ബെന്നി ദയാല്‍, മഞ്ജരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Top