താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വിരമിച്ച ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ. ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന തൻ്റെ ആത്മകഥയിലൂടെയാണ് ടെയ്ലറുടെ വെളിപ്പെടുത്തൽ. തനിക്കൊപ്പം മറ്റ് ചില താരങ്ങളും ഇത്തരത്തിൽ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
“ന്യൂസീലൻഡിനെ ക്രിക്കറ്റ് വെളുത്തവർഗക്കാരുടെ കളിയാണ്. എന്റെ കരിയറിന്റെ ഭൂരിഭാഗവും ഞാൻ അവർക്ക് ഒരു അപാകതയായിരുന്നു. വാനില ലൈനപ്പിൽ ഒരു ബ്രൗൺ മുഖം. അതിന് അതിൻ്റേതായ വെല്ലുവിളികളുണ്ട്. അതിൽ പലതും ടീമംഗങ്ങൾക്കോ ക്രിക്കറ്റ് കളിക്കാർക്കോ പെട്ടെന്ന് മനസ്സിലാവില്ല. പോളിനേഷ്യൻ വിഭാഗക്കാർക്ക് ക്രിക്കറ്റിൽ കാര്യമായ പ്രതിനിധാനം ഇല്ലാത്തതിനാൽ ആളുകൾ ചിലപ്പോൾ ഞാൻ മാവോറി വംശക്കാരനോ ഇന്ത്യക്കാരനോ ആണെന്ന് കരുതാറുണ്ട്.”- ടെയ്‌ലർ കുറിച്ചു.
2006 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ടെയ്‌ലർ ദേശീയ ജഴ്സിയിൽ അരങ്ങേറിയത്. 112 ടെസ്റ്റുകളിൽ ടെയ്‌ലർ കളിച്ചു. ന്യൂസീലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയോടൊപ്പം ടെയ്‌ലർ പങ്കിടുകയാണ്.