കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. ഓഗസ്റ്റ് 27 ന് അയല്‍വാസികളായ കുട്ടികള്‍ക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8.30 മുതല്‍ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്‌സ് സെന്‍ട്രല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ഓട്ടോയില്‍ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെ നിന്നും സെപ്തംബര്‍ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ തുടര്‍ന്നു.
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടില്‍ കേന്ദ്രസംഘം പരിശോധന നടത്തി. ഡോ.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാഴൂരിലെ മുന്നൂരിലുള്ള കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കുട്ടിയുടെ സമ്പര്‍ക്കം സംബന്ധിച്ചും സമീപ ദിവസങ്ങളില്‍ കുട്ടി എവിടെയെല്ലാം പോയിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചു. ഏതാനും ദിവസം മുമ്പ് ഇവിടെയുള്ള ഒരു റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഇതില്‍ നിപ ബാധക്ക് സാധ്യതയുണ്ടോ എന്നും സംഘം പരിശോധിക്കും.