തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച വിക്രംസാരാഭായി സ്‌പേസ് സെന്ററിലെ ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു.ഈ മാസം നാലാം തിയതി മുതല്‍ രോഗം സ്ഥിരീകരിച്ച 24-ാം തിയതി വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ പോയ സ്ഥലങ്ങളുടെയും പങ്കെടുത്ത ചടങ്ങുകളുടെയും വിവരങ്ങളാണ് പുറത്തുവിട്ടത്.
ഇയാള്‍ നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.
ജൂണ്‍ നാലിന് ഇയാള്‍ അടുത്ത വീട്ടിലെ ഗൃഹപ്രവേശനം ചടങ്ങില്‍ പങ്കെടുത്തിരുന്നു.ആറാം തീയതി കഴക്കൂട്ടത്തെ എസ്ബിഐ ബ്രാഞ്ച് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 16-ാം തിയതി ഉച്ചയ്ക്ക് 1.30 ക്ക് ഇയാള്‍ ചാല മാര്‍ക്കറ്റിലും പോയിരുന്നു.
19-ാം തിയതി ഇയാള്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയിരുന്നു.19-ാം തിയതി ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിലാണ് വൈദ്യുതി ബില്‍ അടയ്ക്കുന്നതിനായി തിരുമല ബ്രാഞ്ചില്‍ വന്നത്.
തൃക്കണ്ണാപുരം സ്വദേശിയായ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വിഎസ്എസ്‌സിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം, സമ്പര്‍ക്കത്തിലൂടെയടക്കം നിരവധിപ്പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായ തിരുവനന്തപുരത്ത് സ്ഥിതി സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.