കൊച്ചി: കൊച്ചി നഗരസഭയില്‍ റോറോ സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. മേയര്‍ സൗമിനി ജയിനെ പ്രതിപക്ഷാഗംങ്ങള്‍ പൂട്ടിയിട്ടു. റോ റോ വിഷയത്തില്‍ മാപ്പ് പറയാതെ പുറത്തുപോകാന്‍ അനുവദിക്കില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒടുവില്‍ പൊലീസെത്തിയാണ് മേയറെ മോചിപ്പിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൗമിനി ജെയിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ റോ-റോ ജങ്കാര്‍ സര്‍വീസിന് ലൈസന്‍സ് ലഭിക്കും മുമ്പ് നഗരസഭ സര്‍വീസ് നടത്തിയത് വിവാദമായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോര്‍ട്ട് കൊച്ചി- വൈപ്പിന്‍ റോറോ ജങ്കാര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രിയും മേയറും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്ര നടത്തിയാണ് റോറോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ ലൈസന്‍സ് ലഭിക്കും മുമ്പേയായിരുന്നു പദ്ധതിയുടെ ധൃതി പിടിച്ചുള്ള ഉദ്ഘാടനം. കേരള പോര്‍ട്ട് ട്രസ്റ്റാണ് റോറോ സര്‍വീസിന് ലൈസന്‍സ് നല്‍കേണ്ടത്. എന്നാല്‍, ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ പോലും കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയിരുന്നില്ലെന്നാണ് വിവരം. വിദഗ്ധ പരിശോധന നടത്തി ലൈസന്‍സ് ലഭിക്കാത്ത ജങ്കാര്‍ സര്‍വീസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കയറ്റിയത് ഗുരുതര സുരക്ഷാ പിഴവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രണ്ട് റോറോകള്‍ക്കും ജെട്ടികള്‍ക്കുമായി 15 കോടി രൂപയാണ് ചെലവിട്ടത്. ആദ്യഘട്ടത്തില്‍ ഒരു റോറോ മാത്രമാണ് സര്‍വീസ് നടത്തുക. റോറോ ജങ്കാര്‍ നിര്‍മ്മിച്ചത് കൊച്ചി കപ്പല്‍ശാലയും ജെട്ടികള്‍ നിര്‍മിച്ചത് കൊച്ചി തുറമുഖ ട്രസ്റ്റുമാണ്. രണ്ട് മുഖങ്ങളും രണ്ട് പ്രൊപ്പല്ലറുകളും രണ്ട് എന്‍ജിനുകളുമുള്ള ദ്വിമുഖ റോറോയാണ് സര്‍വീസ് തുടങ്ങിയിരുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇത്തരത്തിലുള്ള ആദ്യ ജങ്കാറാണിത്.
കേരള സ്റ്റേറ്റ് ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് റോറോയുടെ നടത്തിപ്പ് ചുമതല. ഇവര്‍ക്ക് റോറോ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായത്ര വിദഗ്ദ്ധരെ ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്.