ബാംഗ്ലൂര്‍: കൊല്‍ക്കത്തയുടെ ആന്ദ്രെ റസലിന്റെ ബാറ്റിംഗിന് മുന്നില്‍ പരാജയം ഏറ്റുവാങ്ങി റോയല്‍ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 205 റണ്‍സ് എടുത്തപ്പോള്‍ കൊല്‍ക്കത്ത അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം കൈവരിച്ചത്. അവസാന ഓവറുകളില്‍ റസല്‍ 13 പന്തുകളില്‍ ഏഴ് സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 48 റണ്‍സുമാണെടുത്തത്. സൗത്തിയുടെ 19-ാം ഓവറില്‍ നാല് സിക്സും ഒരു ഫോറും അടക്കം റസല്‍ നേടിയ 29 റണ്‍സാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.
കൊല്‍ക്കത്തയോട് തോറ്റ കോഹ്ലിയുടെ പട ഈ സീസണിലെ അഞ്ചാം തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇനി ഉളള മത്സരങ്ങള്‍ ബാഗ്ലൂരുവിന് നിര്‍ണായകമാണ്. നേരത്തെ കൊല്‍ക്കത്തക്ക് വേണ്ടി ക്രിസ് ലിന്‍ (43), റോബിന്‍ ഉത്തപ്പ (33), നിതീഷ് റാണ (37) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു.എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ നഷ്ടമാകാന്‍ തുടങ്ങിയതോടെ കൊല്‍ക്കത്ത തോല്‍വി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ റസല്‍-ഗില്‍ കൂട്ടുകെട്ട് ടീമിന് മികച്ച വിജയമാണ് നേടികൊടുത്തത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്സിന്റെയും മികച്ച ബാറ്റിംഗിലായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തുത്. കൊഹ്ലി 49 പന്തില്‍ ഒന്‍പതു ഫോറും രണ്ട് സിക്സുമടക്കം 84 റണ്‍സെടുത്തു. 31 പന്തില്‍ അഞ്ചു ഫോറും നാല് സിക്സുമടക്കം 63 റണ്‍സായിരുന്നു ഡിവില്ലിയേഴ്സ് നേടിയത്.