പുതിയ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

പുതിയ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും ചേർന്നാണ് ജഴ്സി അവതരിപ്പിച്ചത്. ഖത്തർ എയർവേയ്സ് ആണ് പ്രധാന സ്പോൺസർ. ചടങ്ങിൽ എബി ഡിവില്ല്യേഴ്സിൻ്റെയും ക്രിസ് ഗെയിലിൻ്റെയും ജഴ്സികൾ റിട്ടയർ ചെയ്യുകയും ചെയ്തു.

ആർസിബി ഫ്രാഞ്ചൈസിയിലെ ഏറ്റവും സുപ്രധാന താരങ്ങളിൽ പെട്ട എബി ഡിവില്ല്യേഴ്സിൻ്റെ 17 നമ്പർ ജഴ്സിയും ക്രിസ് ഗെയിലിൻ്റെ 333 നമ്പർ ജഴ്സിയുമാണ് റിട്ടയർ ചെയ്തത്.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.

അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് സന്ദീപ് ശർമയെ ടീമിലെത്തിച്ചു. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.

104 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് 26.33 ശരാശരിയിൽ 114 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുള്ള സന്ദീപ് മികച്ച പവർ പ്ലേ ബൗളറാണ്. ഈ മാസം 31നാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ആണ് രാജസ്ഥാൻ റോയൽസ്.

Top