പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടൂറര്‍ ബൈക്കുകളോട് നീതി പുലര്‍ത്തുംവിധമാണ് 2020 ക്ലാസിക്ക് പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ആക്സസറികള്‍ മുഴുവന്‍ ഘടിപ്പിച്ചാണ് ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് പരീക്ഷിക്കുന്നത്.
നിലവില്‍ 1.53 ലക്ഷം രൂപയ്ക്കാണ് ക്ലാസിക്ക് 350 വില്‍പ്പനയ്ക്ക് വരുന്നത്. ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണ ബൈക്കിനുണ്ട്. എന്നാല്‍ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതലമുറ ക്ലാസിക്ക് 350 -യ്ക്ക് 15,000 രൂപ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
മുന്നില്‍ വലിയ വിന്‍ഡ്സ്‌ക്രീനും പിറകില്‍ തണ്ടര്‍ബേര്‍ഡ് മാതൃകയിലുള്ള ബാക്ക്റെസ്റ്റും ശ്രദ്ധ പിടിച്ചുപറ്റും. കൂടുതല്‍ പതുപതുത്ത സീറ്റ് ഘടനയാണ് ബൈക്കിന്. റൈഡര്‍ സീറ്റിനെ അപേക്ഷിച്ച് പില്യണ്‍ സീറ്റിന് ഉയരം കൂടി. റൈഡിങ് സീറ്റിന് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രശസ്തമായ സ്പ്രിങ് സെറ്റപ്പുണ്ടാവില്ല.
എക്സ്ഹോസ്റ്റ് ഡിസൈനിലും സസ്പെന്‍ഷനിലും കാര്യമായ പരിഷ്‌കാരങ്ങളില്ല. ഇന്ധനടാങ്കിന് വലുപ്പം കൂടി. കാലങ്ങളായി ആരാധകര്‍ ആവശ്യപ്പെടുന്ന ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍ പുതുതലമുറ മോഡലില്‍ ഒരുങ്ങുമെന്നാണ് വിവരം. ടാക്കോമീറ്ററുമുണ്ടാകും ഇത്തവണ ക്ലാസിക്ക് നിരയില്‍. നിലവില്‍ 19 bhp കരുത്തും 28 Nm torque -മാണ് ബൈക്കിലെ 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.