റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ബുക്കിംഗ് ജൂലായ് 25

ലിമിറ്റഡ് എഡിഷന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ബുക്കിംഗ് ജൂലായ് 25 മുതല്‍ ആരംഭിക്കും. ആകെമൊത്തം ആയിരം ക്ലാസിക് 500 പെഗാസസുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുകയുള്ളുവെന്നാണ് കമ്പനി അറിയിച്ചത്. ഇന്ത്യയില്‍ 250 യൂണിറ്റുകളാണ് എത്തിക്കുന്നത്. രണ്ടരലക്ഷം രൂപയോളം റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് ഓണ്‍റോഡ് വില വരും (മുംബൈ). രാജ്യാന്തര വിപണികളില്‍ ഒലീവ് ഡ്രാബ് ഗ്രീന്‍ നിറത്തില്‍ കൂടി പെഗാസസ് ഒരുങ്ങും.

ക്ലാസിക് 500 ലുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പെഗാസസിലും. എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. പെഗാസസിന്റെ ഷാസി, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍, ടയറുകള്‍ എന്നിവയില്‍ റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 194 കിലോയാണ് പെഗാസസ് 500 ന് ഭാരം.

എയര്‍ ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയില്‍ എടുത്തുപറയേണ്ടതാണ്. കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പെഗാസസില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഘടനയ്ക്കും കറുപ്പാണ് നിറം.

Top