എബിഎസോട് കൂടി വിപണിയില്‍ ആദ്യമെത്തുക റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

bullet

ന്ത്യയില്‍ ഏപ്രില്‍ ഒന്നു മുതല്‍ 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റായിരിക്കും എബിഎസോട് കൂടി വിപണിയില്‍ ആദ്യമെത്തുക.

ഇനി മുതല്‍ ബുള്ളറ്റില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാകും. സിംഗിള്‍ ചാനല്‍ എബിഎസാണ് ബുള്ളറ്റില്‍ ഇടംപിടിക്കുക. അതായത് എബിഎസ് സുരക്ഷ ഡിസ്‌ക് ബ്രേക്കുള്ള മുന്‍ചക്രത്തിന് മാത്രമായിരിക്കും. നിരയില്‍ ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോഡലുകള്‍ക്കാണ് എബിഎസ് ഫീച്ചര്‍ ആദ്യം ലഭിക്കുക.

പൊതുവെ ബുള്ളറ്റുകള്‍ക്ക് ഭാരം കൂടുതലാണ്. എബിഎസ് സുരക്ഷയുടെ സാന്നിധ്യം ബുള്ളറ്റ് മോഡലുകളുടെ ബ്രേക്കിംഗ് മികവ് വര്‍ധിപ്പിക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഡ്യൂവല്‍ ചാനല്‍ എബിഎസാണ് സിംഗിള്‍ ചാനല്‍ എബിഎസിനെക്കാള്‍ ഗുണം ചെയ്യുക.

ഡ്യൂവല്‍ ചാനല്‍ എബിഎസിനെക്കാളും ചെലവ് കുറവാണ് സിംഗിള്‍ ചാനല്‍ എബിഎസിന്. പുതിയ നിര്‍ദ്ദേശപ്രകാരം ബൈക്കുകള്‍ക്ക് സിംഗിള്‍ ചാനല്‍ എബിഎസ് മതിയാകും. സിംഗിള്‍ ചാനല്‍ എബിഎസ് ആയത് കൊണ്ടു തന്നെ വിലയില്‍ കാര്യമായ വര്‍ധനവും കമ്പനി രേഖപ്പെടുത്തേണ്ടി വരില്ല. പതിനായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ വിലവര്‍ധനവ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എബിഎസില്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

ബുള്ളറ്റിന് പിന്നാലെ ഹിമാലയനിലും എബിഎസ് ഫീച്ചറിനെ കമ്പനി നല്‍കും. രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഹിമാലയന് ഡ്യൂവല്‍ ചാനല്‍ എബിഎസാണുള്ളത്. ഹിമാലയന്റെ ഇന്ത്യന്‍ പതിപ്പിലും ഡ്യൂവല്‍ ചാനല്‍ എബിഎസിനെ തന്നെയാകും കമ്പനി ഒരുക്കുക. ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 650 സിസി ഇരട്ട സഹോദരങ്ങള്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഡ്യൂവല്‍ ചാനല്‍ എബിഎസ് ഇടംപിടിക്കും.

ഏപ്രില്‍ രണ്ടാം പകുതിയോടെ തന്നെ എബിഎസ് ബുള്ളറ്റ് വിപണിയില്‍ എത്തുമെന്നാണ് സൂചന.

Top