റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500 ഫോട്ടോണായി ഇലക്ട്രിക് കരുത്തിലേക്ക്

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500-നെ ഇലക്ട്രിക് ബൈക്കാക്കി മാറ്റി യുകെയിലെ ഇലക്ട്രിക് ക്ലാസിക് കാര്‍ കമ്പനി. പരമ്പരാഗത ഇന്ധനത്തിലോടുന്ന കാറുകളെ ഇലക്ട്രിക് വാഹനമാക്കി മാറ്റുന്ന കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ ഫോട്ടോണ്‍ എന്ന പേരില്‍ ഇലക്ട്രിക് ബുള്ളറ്റിന്റെ പതിപ്പ് എത്തിച്ചത്.

ഇതിലെ കമ്പസ്റ്റില്‍ എന്‍ജിന്‍ നീക്കം ചെയ്ത് ഇലക്ട്രിക് മോട്ടോര്‍ നല്‍കിയാണ് ഫോട്ടോണ്‍ ഒരുക്കിയത്. ഇവ ഈ രീതിയിലേക്ക് മാറ്റാന്‍ ഏകദേശം 19 ലക്ഷം രൂപ ചെലവായതെന്നാണ് സൂചന.

10 കിലോവാട്ട് ബാറ്ററിയാണ് ഇതിന് നല്‍കിയിട്ടുള്ളത്. 110 കിലോമീറ്ററാണ് ഫോട്ടോണിന്റെ പരമാവധി വേഗത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഏഴ് കിലോവാട്ട് ചാര്‍ജറും ടൈപ്പ് വണ്‍ കണക്ടറുമാണ് ഫോട്ടോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 90 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജുചെയ്യാം. പിന്നിലെ ടയറിലേക്ക് നേരിട്ടാണ് മോട്ടോര്‍ ബന്ധിപ്പിച്ചിട്ടുള്ളത്.

ഇലക്ട്രിക് കരുത്തിലേക്ക് മാറിയതോടെ ക്ലെച്ചും ഗിയറും ഈ വാഹനത്തില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. വാട്ടര്‍ കൂള്‍ഡാണ് മോട്ടോര്‍ ഹബ്ബ്. ഇതിനൊപ്പം, രണ്ട് ഫാനുകളുള്ള റേഡിയേറ്ററും ബാറ്ററി ബോക്‌സിന് മുന്നില്‍ നല്‍കിയിട്ടുണ്ട്.

ക്രാഷ് ഗാര്‍ഡിന്റെ ഭാഗത്തുനിന്നും വലിയ ഒരു മെറ്റല്‍ കവര്‍ നല്‍കിയാണ് എന്‍ജിന്റെ ഭാഗം മറച്ചിരിക്കുന്നത്. ഫോട്ടോണിന്റെ ആകെ ഭാരം 200 കിലോഗ്രാമാണ്.

Top