Royal Enfield fist delarshipin ireland

മുബൈയ്‌:ഐഷര്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ അയര്‍ലന്‍ഡിലെ ആദ്യ ഡീലര്‍ഷിപ് പ്രവര്‍ത്തനം ആരംഭിച്ചു. കോ ലിമെറിക് ആസ്ഥാനമായ റിട്രോ വെഞ്ച്വേഴ്‌സുമായി സഹകരിച്ചാണു ‘ബുള്ളറ്റ്’ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അയര്‍ലന്‍ഡിലേക്കു പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷമായി റിട്രോ വെഞ്ച്വേഴ്‌സ് ‘ബുള്ളറ്റ്’ ബൈക്കുകള്‍ അയര്‍ലന്‍ഡില്‍ വാടകയ്ക്കു നല്‍കുന്നുണ്ട്. ഇങ്ങനെ ലഭിച്ച മികച്ച പ്രതിച്ഛായ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണു കമ്പനി അയര്‍ലന്‍ഡില്‍ ഡീലര്‍ഷിപ് ആരംഭിച്ചു പ്രവര്‍ത്തനം വിപുലീകരിച്ചത്.

അയര്‍ലന്‍ഡിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് രണ്ടു വര്‍ഷമായി റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ വാടകയ്ക്കു നല്‍കുന്നുണ്ടെന്നു റിട്രോ വെഞ്ച്വേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ക്രിസ് ഡേവിഡ്‌സന്‍ അറിയിച്ചു. ബൈക്കുകള്‍ക്കുള്ള ആവശ്യം നിരന്തരം ഉയര്‍ന്നതും ‘ബുള്ളറ്റി’നെക്കുറിച്ചുള്ള അനുകൂല പ്രതികരണങ്ങളും മാത്രമല്ല ഇത്തരം ബൈക്കുകള്‍ വാങ്ങാന്‍ ആഗ്രഹിച്ചെത്തുന്നവരുടെ എണ്ണപ്പെരുപ്പവുമാണു കമ്പനിയെ ഇരുത്തിച്ചിന്തിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതോടെ വിപണിയെക്കുറിച്ചും വിപണന സാധ്യതയെക്കുറിച്ചും പഠിക്കാന്‍ വിശദ സര്‍വേ തന്നെ റിട്രോ വെഞ്ച്വേഴ്‌സ് നടത്തി. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് അയര്‍ലന്‍ഡില്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂം തുറക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ലോകത്ത് തുടര്‍ച്ചയായി നിര്‍മാണത്തിലുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും പഴക്കമേറിയത് എന്ന പെരുമ റോയല്‍ എന്‍ഫീല്‍ഡിനു സ്വന്തമാണ്. ആഗോളതലത്തില്‍ മാസം തോറും അരലക്ഷത്തിലേറെ ‘ബുള്ളറ്റ്’ മോട്ടോര്‍ സൈക്കിളുകളാണു കമ്പനി വില്‍ക്കുന്നത്. വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റാന്‍ ചെന്നൈ നഗരപ്രാന്തത്തില്‍ മൂന്നാമതു നിര്‍മാണശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണു റോയല്‍ എന്‍ഫീല്‍ഡ്. ഇതോടെ 2018 ആകുമ്പോള്‍ വാര്‍ഷിക ഉല്‍പ്പാദനശേഷി ഒന്‍പതു ലക്ഷം യൂണിറ്റിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയില്‍ കമ്പനി നേരിട്ടു നടത്തുന്ന 17 സ്റ്റോറുകളും 496 ഡീലര്‍ഷിപ്പുകളുമാണു റോയല്‍ എന്‍ഫീല്‍ഡിനുള്ളത്. ഇതിനു പുറമെ യു എസ്, യു കെ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, മധ്യ പൂര്‍വ ദേശം, ദക്ഷിണ പൂര്‍വ ഏഷ്യ മേഖലകളിലെ അന്‍പതോളം രാജ്യങ്ങളിലേക്ക് കമ്പനി മോട്ടോര്‍ സൈക്കിളുകള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്.

Top