ഇന്ത്യയിലെ മോട്ടർസൈക്കിൾ യാത്രികരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. റോയൽ എൻഫീൽഡ് ഹിമാലയൻ ഒഡിസി ജൂലൈയിൽ ആരംഭിക്കും. മോട്ടർസൈക്കിളുകളിൽ ഹിമാലയത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം സാഹസികതയും ചേർന്ന ഹിമാലയൻ ഒഡീസിയുടെ 18-ാമത് പതിപ്പാണ് റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചത്. റോയൽ എൻഫീൽഡ് മോട്ടർസൈക്കിളുകളിൽ 18 ദീവസം നീളുന്ന യാത്രയിൽ 2700 കിലോമീറ്ററാണ് റൈഡർമാർ താണ്ടേണ്ടത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നു വർഷമായി ഹിമാലയൻ ഒഡീസി റൈഡുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ജൂലൈ 2ന് ഇന്ത്യാ ഗേറ്റിൽ യാത്ര ഫ്ലാഗ്ഓഫ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന 70 പേർക്കാണ് ഈ വർഷം റൈഡിൽ പങ്കെടുക്കാൻ അവസരം. ലഡാക്കിലെ ഉമ്‌ലിങ് ലാ പാസ് ആണ് റൈഡിന്റെ ലക്ഷ്യസ്ഥാനം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 19024 അടി ഉയരത്തിലുള്ള ഉമ്‌ലിങ് ലായാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരെ ഗതാഗതം സാധ്യമായ സ്ഥലം.
റോയൽ എൻഫീൽഡിന്റെ വെബ്സൈറ്റിൽ റൈഡിന്റെ റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സീറോ സിംഗിൾ യൂസ് പ്ലാസ്റ്റിക് എന്ന സന്ദേശം ഉറപ്പാക്കിയാണ് 18–ാമത് ഹിമാലയൻ ഒഡീസി സംഘടിപ്പിക്കുന്നത്. ഹിമാലയത്തിൽ സന്ദർശക തിരക്ക് കൂടുന്നതിനെ തുടർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും വർധനവുണ്ടായിരുന്നു. റോയൽ എൻഫീൽഡ് നൽകുന്ന സന്ദേശം ഇതിനു ഭാഗികമായെങ്കിലും പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജൂലൈ 2ന് ആരംഭിക്കുന്ന യാത്ര 18ന് സമാപിക്കും.