പുതിയ നിറക്കൂട്ടുകളില്‍ പരിഷ്‌കരിച്ച ഗ്രാഫിക്‌സോടു കൂടി റോയല്‍ എന്‍ഫീല്‍ഡിന്റെ ആറു വകഭേതങ്ങള്‍ പുറത്തിറക്കി. ബുള്ളറ്റ്- 350, ബുള്ളറ്റ്- 350 ഇഎസ് എന്നിവയിലായി അവതരിപ്പിച്ച പുത്തന്‍ വകഭേദങ്ങള്‍ക്ക് 1.12 ലക്ഷം രൂപയാണു ഷോറൂം വില. പുതിയ ബൈക്കുകള്‍ക്കുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു.
പുതിയ ഗ്ലോസ് നിറങ്ങളും പരിഷ്‌കരിച്ച ഗ്രാഫിക്‌സും സമകാലികമായ ബ്ലാക്ക് ഔട്ട് ഡിസൈന്‍ തീമുമാണു ബുള്ളറ്റിന്റെ പുതു വകഭേദങ്ങളിലെ പ്രധാന മാറ്റം. നിലവിലുള്ള കറുപ്പ് നിറത്തിനു പുറമെ ബുള്ളറ്റ് സില്‍വര്‍, സഫയര്‍ ബ്ലൂ, ഒനിക്‌സ് ബ്ലാക്ക് വര്‍ണങ്ങളില്‍ കൂടി ബുള്ളറ്റ് 350 വില്‍പ്പനയ്‌ക്കെത്തും. ബുള്ളറ്റ് 350 ഇഎസ് ആവട്ടെ ജെറ്റ് ബ്ലാക്ക്, റീഗല്‍ റെഡ്, റോയല്‍ ബ്ലൂ നിറങ്ങളിലും ഇനി വിപണിയിലുണ്ടാവും. നിലവില്‍ മറൂണ്‍, സില്‍വര്‍ നിറങ്ങളിലാണു ബൈക്ക് വില്‍പ്പനയ്ക്കുള്ളത്.
ബുള്ളറ്റിന്റെ പുതു വകഭേദം അവതരിപ്പിച്ചതിനു പുറമെ രാജ്യത്ത് 250 റീട്ടെയ്ല്‍ സ്റ്റുഡിയോ സ്റ്റോറുകളും റോയല്‍ എന്‍ഫീല്‍ഡ് തുറന്നു. അടുത്ത മൂന്നു മാസത്തിനിടെ 250 സ്റ്റുഡിയോ സ്റ്റോറുകള്‍ കൂടി തുറക്കാനും റോയല്‍ എന്‍ഫീല്‍ഡിനു പദ്ധതിയുണ്ട്. രാജ്യത്ത് മൊത്തം 930 ഡീലര്‍ ടച് പോയിന്റുകളാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിനുള്ളത്. കൂടാത തൊള്ളായിരത്തിലേറെ അംഗീകൃത വര്‍ക് ഷോപ്പുകളിലായി 8,800 സര്‍വീസ് ബേകളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.
കാഴ്ചയിലെ പുതുമയ്ക്കപ്പുറം ബുള്ളറ്റിന്റെ സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നും റോയല്‍ എന്‍ഫീല്‍ഡ് വരുത്തിയിട്ടില്ല. ബൈക്കിലെ 346 സി.സി, എയര്‍ കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് 5,250 ആര്‍.പി.എമ്മില്‍ 20 പി.എസ് വരെ കരുത്തും 4,000 ആര്‍.പി.എമ്മില്‍ 28 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാനാവും. നിലവിലുള്ള അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സിനും മാറ്റമൊന്നുമില്ല. അതേസമയം പുതിയ സുരക്ഷാ മാനദണ്ഡം പാലിച്ച് സിംഗിള്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക് അബ്‌സോബറുമാണു സസ്‌പെന്‍ഷന്‍.