ഐഷര്‍ ഗ്രൂപ്പില്‍പെട്ട ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഓസ്‌ട്രേലിയയിലെ ആദ്യ ബ്രാന്‍ഡ് സ്‌റ്റോര്‍ മെല്‍ബണില്‍ പ്രവര്‍ത്തനം തുടങ്ങി. 250 മുതല്‍ 750 സി സി വരെ എന്‍ജിന്‍ ശേഷിയുള്ള ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണു റോയല്‍ എന്‍ഫീല്‍ഡ് ആഗോളതലത്തില്‍ ബ്രാന്‍ഡ് സ്‌റ്റോറുകള്‍ തുറക്കുന്നത്. ‘ബുള്ളറ്റ്’ ശ്രേണിയിലെ ബൈക്കുകള്‍ക്കു പുറമെ കമ്പനിയുടെ വസ്ത്ര, അക്‌സസറി ശേഖരവും ലഭ്യമാവും വിധമാണ് 1,655 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മെല്‍ബണിലെ ബ്രാന്‍ഡ് സ്‌റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡിനെ സംബന്ധിച്ചിടത്തോളം ഏറെ പക്വതയാര്‍ജിച്ച മോട്ടോര്‍ സൈക്കിള്‍ വിപണിയാണ് ഓസ്‌ട്രേലിയയിലേതെന്ന് കമ്പനി പ്രസിഡന്റ് രുദ്രതേജ് സിങ് അഭിപ്രായപ്പെട്ടു. ഈ വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിക്കാനും റോയല്‍ എന്‍ഫീല്‍ഡിനു കഴിയുന്നുണ്ട്. 2016ന്റെ ആദ്യ മൂന്നു പാദങ്ങളിലെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 63% വളര്‍ച്ചയാണു കമ്പനി നേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവില്‍ ഇരുപത്തഞ്ചോളം ഡീലര്‍ഷിപ്പുകളാണു റോയല്‍ എന്‍ഫീല്‍ഡിന് ഓസ്‌ട്രേലിയയിലുള്ളത്. വിവിധ വിലനിലവാരങ്ങളില്‍ ലഭ്യമാവുന്ന, ‘ബുള്ളറ്റ്’ ശ്രേണിയിലെ മികച്ച വാഹനങ്ങള്‍ക്കൊപ്പം പുതിയ ബ്രാന്‍ഡ് സ്‌റ്റോര്‍ കൂടിയാവുന്നതോടെ ഈ രാജ്യത്തു വില്‍പ്പന വീണ്ടും ഉയരുമെന്നും സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരങ്ങളിലേക്കു വിപണന ശൃംഖല വ്യാപിപ്പിക്കുന്നതിനൊപ്പം മികച്ച വില്‍പ്പനാനന്തര സേവനം ലഭ്യമാക്കാനും കമ്പനി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മെല്‍ബണ്‍ കൂടിയായതോടെ ആഗോളതലത്തില്‍ 19 ബ്രാന്‍ഡ് (കണ്‍സപ്റ്റ്) സ്‌റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. മില്‍വൗകി, ലണ്ടന്‍, പാരിസ്, ബാഴ്‌സലോന, മഡ്രിഡ്, വലന്‍ഷ്യ, ബൊഗോട്ട, മെഡലിന്‍, ദുബായ്, ജക്കാര്‍ത്ത, ബാങ്കോക്ക് നഗരങ്ങളിലെല്ലാം നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ നാലര ലക്ഷത്തോളം മോട്ടോര്‍ സൈക്കിളുകളാണു റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. 2018 ആകുമ്പോഴേക്ക് ഉല്‍പ്പാദനം ഒന്‍പതു ലക്ഷത്തോളമാക്കി ഉയര്‍ത്താനാണു കമ്പനിയുടെ പദ്ധതി. ഓസ്‌ട്രേലിയന്‍ വിപണിയില്‍ ‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘ക്ലാസിക് 350’, ‘ക്ലാസിക് ക്രോം 500’, ‘കോണ്ടിനെന്റല്‍ ജി ടി കഫേ റേസര്‍ 535’ എന്നിവയ്‌ക്കൊപ്പം അടുത്തയിടെ പുറത്തിറക്കിയ ‘ഹിമാലയന്‍ 410’ ബൈക്കും കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നുണ്ട്.