മീറ്റിയോര്‍ 350യുടെ വില കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക് ശ്രേണിയിലെ പുത്തന്‍ താരമാണ് മീറ്റിയോര്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് തണ്ടര്‍ബേര്‍ഡ് പതിപ്പിന് പകരക്കാനായി മീറ്റിയോര്‍ എത്തിയത്. വിപണിയിലെത്തി രണ്ട് മാസം തികഞ്ഞപ്പോഴേക്കും റോയല്‍ എന്‍ഫീല്‍ഡ് മീറ്റോയോറിന്റെ വില കൂട്ടിയിരുന്നു. ഇപ്പോഴിതാ വീണ്ടും മീറ്റിയോറിന്റെ വില കൂട്ടിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

അടിസ്ഥാന മോഡല്‍ ആയ ഫയര്‍ബോള്‍ മുതല്‍ സൂപ്പര്‍നോവ വരെയുള്ള എല്ലാ പതിപ്പുകളുടെയും വില 8,405 രൂപ വരെയാണ് റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തണ്ടര്‍ബേര്‍ഡിന്റെ പിന്‍ഗാമി ആണെങ്കിലും പുത്തന്‍ പ്ലാറ്റ്‌ഫോമും പുതിയ എഞ്ചിനുമായി ഒരു പുതിയ ബൈക്ക് തന്നെയാണ് മീറ്റിയോര്‍ 350.

349 സിസി, ഫ്യുവല്‍ ഇന്‍ജെക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോര്‍ 350 യുടെ ഹൃദയം. 6,100 ആര്‍പിഎമ്മില്‍ 20.2 എച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിന്‍ എഞ്ചിന്‍ എയര്‍-കൂള്‍ഡ് ആണ്. ഒപ്പം റോയല്‍ എന്‍ഫീല്‍ഡ് 2-വാല്‍വ് ഹെഡില്‍ ഒരു ഓയില്‍ സര്‍ക്യൂട്ട് ഉള്‍പ്പെടുത്തിയത് എന്‍ജിന്‍ വേഗം തണുപ്പിക്കാന്‍ സഹായിക്കും.

മീറ്റിയോര്‍ 350 നിരയിലെ അടിസ്ഥാന മോഡല്‍ ആണ് ഫയര്‍ബോള്‍. മഞ്ഞ, ചുവപ്പ് എന്നിങ്ങനെ രണ്ട് സിംഗിള്‍ ടോണ്‍ നിറങ്ങളില്‍ മാത്രമേ ഫയര്‍ബോള്‍ പതിപ്പ് വില്പനക്കെത്തൂ. തണ്ടര്‍ബേര്‍ഡ് എക്സ് മോഡലുമായി ഏറെ സാമ്യമുള്ള മോഡല്‍ ആണ് മീറ്റിയോര്‍ 350 ഫയര്‍ബോള്‍. ഫയര്‍ബോള്‍ പതിപ്പിന് മുകളിലായാണ് സ്റ്റെല്ലാര്‍ പതിപ്പിന്റെ സ്ഥാനം.

ഡാര്‍ക്ക് റെഡ്, ഡാര്‍ക്ക് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിലാണ് സ്റ്റെല്ലാര്‍ മോഡല്‍ വാങ്ങാന്‍ സാധിക്കുക. എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ഹാന്‍ഡില്‍ ബാര്‍ അടക്കം ചില ഭാഗങ്ങള്‍ക്ക് ക്രോം ഫിനിഷ് ആണ്. പെട്രോള്‍ ടാങ്കില്‍ 3D റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജ്, പുറകില്‍ ഇരിക്കുന്ന വ്യക്തിക്ക് ബാക് റെസ്റ്റ് എന്നിവയാണ് മീറ്റിയോര്‍ 350 സ്റ്റെല്ലാര്‍ മോഡലിലെ പ്രത്യേകതകള്‍.

 

 

Top