റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ് ഉടൻ പുറത്തിറങ്ങും

റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുത വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങും. തങ്ങളുടെ ആദ്യ വൈദ്യുത വാഹനം രണ്ടു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ഥ ലാല്‍ അറിയിച്ചു. വൈദ്യുത ഇന്ധനത്തിലേക്കുള്ള മാറ്റത്തില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കില്ലെന്നും അനുയോജ്യമായ വൈദ്യുത വാഹനത്തിന്റെ പല ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയ്ഷര്‍ മോട്ടോഴ്‌സിന്റേയും റോയല്‍ എന്‍ഫീല്‍ഡിന്റേയും ഭാവി പദ്ധതികളില്‍ ഇവികളുണ്ടെന്ന് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് എംഡി തുറന്നു പറഞ്ഞത്. നാടകീയമായ രീതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ റോയല്‍ എന്‍ഫീല്‍ഡും വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്ന് ഇതോടെ വ്യക്തമായി. ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോറും അടക്കമുള്ള ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പ്രത്യേകം യൂനിറ്റായോ സ്വതന്ത്ര വിഭാഗമായോ ആയാണ് വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

‘എല്ലാത്തരം സാധ്യതകളും പരിശോധിക്കും. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്നും ഞങ്ങള്‍ പരിശോധിക്കും. എന്നാല്‍ ആരെയും പിന്തുടരില്ല. എയ്ഷര്‍ മോട്ടോഴ്‌സിനു കീഴില്‍ തന്നെയായിരിക്കും ഇവികള്‍ നിര്‍മിക്കുക’ ലാല്‍ വിശദീകരിക്കുന്നു. ഇതിനകം തന്നെ വൈദ്യുത വാഹനങ്ങളിലേക്കു മാറാന്‍ വേണ്ട നടപടികള്‍ റോയല്‍ എന്‍ഫീല്‍ഡ് വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. സി.ടി.ഒ ഉമേഷ് കൃഷ്ണപ്പയുടെ നേതൃത്വത്തിലുള്ള നൂറ് എന്‍ജിനീയര്‍മാരുടെ ടീമിനെയാണ് വൈദ്യുത വാഹന നിര്‍മാണത്തിനായി കമ്പനി ഒരുക്കിയിട്ടുള്ളത്. വൈദ്യുത വാഹനം നിര്‍മിക്കാനുള്ള പരിശ്രമങ്ങള്‍ വിപുലമാണെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വൈദ്യുത വാഹനം പുറത്തിറങ്ങാന്‍ രണ്ടു വര്‍ഷത്തെ സാവകാശം ഉണ്ട്.

ഒരുക്കങ്ങള്‍ തകൃതിയാണെങ്കിലും രണ്ടു വര്‍ഷമുള്ളതുകൊണ്ടുതന്നെ വൈദ്യുത വാഹന നിര്‍മാണത്തിനു വേണ്ട സമയവും സാവകാശവും റോയല്‍ എന്‍ഫീല്‍ഡ് ടീമിനു ലഭിക്കും. പാതിവെന്ത ഉത്പന്നം ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കമല്ലെന്നും സിദ്ധാര്‍ഥ് ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രതിവര്‍ഷം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് പദ്ധതി. തമിഴ്‌നാട്ടിലെ ചെയ്യൂരില്‍ വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാനായി പ്രത്യേകം ഫാക്ടറിയും ഒരുങ്ങുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആയിരം കോടി രൂപയുടെ പദ്ധതി ചിലവില്‍ വലിയ ഭാഗം വൈദ്യുത വാഹന നിര്‍മാണത്തിനായിട്ടായിരിക്കും ചിലവാക്കുകയെന്നാണ് സൂചന.

Top