എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X ഇന്ത്യയില്‍

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 1.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 350X എബിഎസിന് വിപണിയില്‍ വില. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും തണ്ടര്‍ബേര്‍ഡ് 350X എബിഎസിനുള്ള ബുക്കിംഗ് തുടങ്ങി. 5,000 രൂപയാണ് ബുക്കിംഗ് തുക. നിലവിലെ സ്റ്റോക്ക് അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്യുന്നവര്‍ക്കു 15 ദിവസങ്ങള്‍ക്കകം ഡീലര്‍ഷിപ്പുകള്‍ പുതിയ എബിഎസ് പതിപ്പുകള്‍ കൈമാറുമെന്നും കമ്പനി അറിയിച്ചു.

റോവിംഗ് റെഡ്, വിംസിക്കല്‍ വൈറ്റ് നിറങ്ങളില്‍ അണിനിരക്കുന്ന പുതുതലമുറ തണ്ടര്‍ബേര്‍ഡില്‍ ഒമ്പതു സ്‌പോക്ക് അലോയ് വീലുകള്‍ ഒരുങ്ങുന്നു. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് തണ്ടര്‍ബേര്‍ഡ് 350X ന്റെ ടയര്‍ അളവ്. 41 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. അഞ്ചുവിധത്തില്‍ ക്രമീകരിക്കാവുന്ന പ്രീലോഡ് ഫംങ്ഷന്‍ പിന്‍ സസ്‌പെന്‍ഷനിലുണ്ട്.

280 mm, 240 mm വെന്റിലേറ്റഡ് ഡിസ്‌ക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡ് 350X ലെ ബ്രേക്കിംഗ്. പുതിയ പതിപ്പില്‍ മുന്‍ പിന്‍ ടയറുകള്‍ക്ക് എബിഎസ് പിന്തുണയുമുണ്ട്. സാധാരണ തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ചു മട്ടിലും ഭാവത്തിലും തണ്ടര്‍ബേര്‍ഡ് 350X കൂടുതല്‍ സ്‌പോര്‍ടിയാണ്.

Top