റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നത് ഇതാദ്യമല്ല. പക്ഷെ റോള്‍സ് റോയ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ബൈക്കിനെ വിപണി ഇന്നുവരെ കണ്ടിട്ടില്ല. അത്തരത്തില്‍ രൂപമാറ്റം നടത്തി റോള്‍സ് റോയ്‌സ് ആവാന്‍ ശ്രമിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്.
പ്രചോദനം റോള്‍സ് റോയ്‌സ് നൊട്ടിക്കല്‍ റെയ്‌ത്തെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് സുപ്രീമോയെ മറാത്ത മോട്ടോര്‍സൈക്കിള്‍സ് കാഴ്ചവെയ്ക്കുന്നത്. ഇവിടെ റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യം തണ്ടര്‍ബേര്‍ഡ് 350 പൂര്‍ണമായും കൈവെടിഞ്ഞു.
എന്തായാലും ഇന്ത്യന്‍ ചീഫ്‌റ്റെയിനെന്ന് ഒറ്റനോട്ടത്തില്‍ സുപ്രീമോ തെറ്റിദ്ധരിക്കപ്പെടും. സുപ്രീമോയ്ക്ക് ആധാരം തണ്ടര്‍ബേര്‍ഡ് 350. എല്‍ഇഡി വലയത്തിലുള്ള കസ്റ്റം ഹെഡ്‌ലാമ്പും സുപ്രീമോയില്‍ എടുത്തുപറയണം. മഡ്ഗാര്‍ഡുകള്‍ കസ്റ്റം നിര്‍മ്മിതം. മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളാണ് സുപ്രീമോയില്‍. പതിവു ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ബൈക്കില്‍ കാണാനില്ല. പകരം വീതിയും വലുപ്പവും ഇരട്ടനിറവുമുള്ള ഫോര്‍ക്കുകളാണ് മുന്നില്‍ സസ്‌പെന്‍ഷന് വേണ്ടി.
മുന്നിലുള്ള ഭീമന്‍ ഫെയറിംഗ് റോയല്‍ എന്‍ഫീല്‍ഡിന്റെ തനിമ നാമാവശേഷമാക്കുന്നു. മുന്‍ ഫെയറിംഗ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ഗ്ലൈഡിനെയും ഇന്ത്യന്‍ ചീഫ്‌റ്റെയിനിനെയും ഓര്‍മ്മപ്പെടുത്തും. സുപ്രീമോയുടെ വശങ്ങളിലേക്ക് കണ്ണെത്തിച്ചാല്‍ ആദ്യം ഇന്ധനടാങ്ക് ശ്രദ്ധ പിടിച്ചുപറ്റും. ഇന്ധനടാങ്ക് സീറ്റിലേക്കു ഒഴുകിയിറങ്ങുന്നു.
ആഢംബര നൗകകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട സുവര്‍ണ അലങ്കാരങ്ങളും സുപ്രീമോയില്‍ കാണാം. സീറ്റിലും മാറ്റങ്ങളുണ്ട്. താഴ്ന്നിറങ്ങിയ ഘടന. ഉയരം നന്നെ കുറവ്. ഭേദപ്പെട്ട ക്രൂയിസിംഗ് അനുഭവം സുപ്രീമോ വാഗ്ദാനം ചെയ്യുന്നു. ക്രൂയിസര്‍ ബൈക്കുകളുടെ മാതൃകയില്‍ വലിയ എഞ്ചിന്‍ കവറും സുപ്രീമോയില്‍ ഒരുങ്ങുന്നുണ്ട്. പിന്നില്‍ ഇരവശത്തുമുള്ള സ്റ്റോറേജ് ബോക്‌സുകളില്‍ ബൈക്കിന്റെ ക്രൂയിസര്‍ വേഷം പരിപൂര്‍ണം.
ഫില്ലര്‍ ക്യാപ് ശൈലിയും ഇക്കുറി വ്യത്യസ്തമാണ്. നിറം അക്വാ ബ്ലൂ ഐവറി ഗ്രെയ്. പിന്‍ മഡ്ഗാര്‍ഡില്‍ ഏറ്റവും താഴെയാണ് നമ്പര്‍ പ്ലേറ്റിനുള്ള സ്ഥാനം. സ്റ്റോറേജ് ബോക്‌സുകള്‍ ഉള്ളതു കൊണ്ടു ബൈക്കിന് വീതിയേറെ തോന്നിക്കും.
രണ്ടു ട്വീറ്ററുകളും ഒരു 500W ആംപ്ലിഫയറും അടങ്ങുന്ന പയണീര്‍ HU ഓഡിയോ സംവിധാനവും സുപ്രീയോയില്‍ ഇടംപിടിച്ചിട്ടുണ്ട്. കസ്റ്റം ഹാന്‍ഡില്‍ബാറും മാറ്റി സ്ഥാപിച്ച ഫൂട്ട്‌പെഗുകളും ക്രോം മിററുകളും സുപ്രീമോയുടെ വിശേഷങ്ങളാണ്.