റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ബൈക്കുകള്‍ക്ക് രണ്ടു ശതമാനം വില വര്‍ധനവുണ്ടാകും

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി.ടി 650 ബൈക്കുകളുടെ വില കൂട്ടുമെന്ന് റിപ്പോര്‍ട്ട്. രണ്ടു ശതമാനം വില വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.

ഇതോടെ അടിസ്ഥാന നിറങ്ങളിലുള്ള ബൈക്കുകളുടെ വിലയില്‍ 5,012 രൂപയുടെ വില വര്‍ധന പ്രതീക്ഷിക്കാം. അതേസമയം വിലയേറിയ നിറങ്ങളുടെ കാര്യത്തില്‍ വര്‍ധന 5,400 രൂപയോളമാവും. ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കിന്റെ അടിസ്ഥാന നിറമുള്ള മോഡലുകള്‍ക്ക് ഡല്‍ഹി ഷോറൂമില്‍ 2.50 ലക്ഷം രൂപയാണു വില. പകിട്ടേറിയ നിറങ്ങള്‍ക്കാവട്ടെ 2.70 ലക്ഷം രൂപയും.

കോണ്ടിനെന്റല്‍ 650 ജി.ടിയുടെ അടിസ്ഥാന നിറങ്ങളുടെ വിലയിലെ വര്‍ധന 5,312 രൂപയാവുമെന്നാണു കണക്കാക്കുന്നത്. നിലവില്‍ 2.65 ലക്ഷം രൂപയാണ് ഈ ബൈക്കുകളുടെ ഡല്‍ഹി ഷോറൂമിലെ വില. അതേസമയം, നിലവില്‍ 2.85 ലക്ഷം രൂപയ്ക്കു വില്‍ക്കുന്ന നിറങ്ങളുള്ള ബൈക്കുകളുടെ വിലയിലെ വര്‍ധന 5,700 രൂപയോളമാവും.

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ബൈക്കുകള്‍ക്ക് കരുത്തേകുന്നത് 648 സി.സി, പാരലല്‍ ട്വിന്‍ എന്‍ജിനാണ്; 7,250 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പിയോളം കരുത്തും 5,250 ആര്‍.പി.എമ്മില്‍ 52 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വില്‍പ്പനയ്‌ക്കെത്തിയ ഈ മോഡലുകള്‍ക്ക് മികച്ച വരവേല്‍പ്പാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചത്.

Top