തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീര്‍ത്ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിച്ച് നീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ കുടുംബാംഗങ്ങള്‍.
കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കല്‍മണ്ഡപങ്ങള്‍ പൊളിച്ചു നീക്കുന്നതെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്ഡപങ്ങള്‍ പൊളിച്ചു നീക്കുന്നതിനെതിരെ പത്മതീര്‍ത്ഥക്കുളത്തില്‍ ഇറങ്ങി നിന്നാണ് രാജ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചത്.
കല്‍മണ്ഡപങ്ങള്‍ക്ക് കോട്ടം വരുന്ന തരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായി പറഞ്ഞു.
അതേസമയം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മണ്ഡപങ്ങള്‍ക്ക് ബലക്ഷയം ഉളളതിനാലാണ്. എന്നാല്‍ ഇതിന്റെ ഭാഗമായി പൊളിച്ചു നീക്കുന്ന കല്‍മണ്ഡപങ്ങള്‍ പഴയ മാതൃകയില്‍ തന്നെ പുനര്‍നിര്‍മ്മിക്കുമെന്ന് ചീഫ് എന്‍ജിനീയര്‍ ജയന്‍ അറിയിച്ചു.