രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലം; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. അനാരോഗ്യം മൂലമാണ് രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത്. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്.

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയുടെ നോട്ടീസ് വ്യാപക വിമര്‍ശനത്തിന് ഇടവരുത്തിയതിന് പിന്നാലെ രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. നോട്ടീസ് തയ്യാറാക്കിയ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ബി മധുസൂതനന്‍ നായരും പരപാടിയില്‍ പങ്കെടുത്തില്ല.

വിവാദ നോട്ടീസില്‍ ഇദ്ദേഹത്തിനോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. മധുസൂതനന്‍ നായരോട് വിശദീകരണം തേടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമര്‍ശങ്ങള്‍ വിവാദത്തിന് തിരികൊളുത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചത്. ഇന്ന് ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം നോട്ടീസ് വിവാദം ചര്‍ച്ച ചെയ്യും.

Top