തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കില്ല. പരിപാടിയില്‍ നിന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് പിന്മാറി. വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്.
വിവാദമായതിനെ തുടര്‍ന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമര്‍ശങ്ങള്‍ വിവാദത്തിന് തിരികൊളുത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.
നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങില്‍ ഭദ്രദീപം തെളിയിക്കാന്‍ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി എന്നിവരെയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങില്‍ പുഷ്പാര്‍ച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.