‘ആര്‍ആര്‍ആര്‍’, ‘പുഷ്പ: ദി റൈസ്’തുടങ്ങിയ സിനിമകള്‍ കണ്ട് പാതി വഴിയില്‍ നിര്‍ത്തേണ്ട അവസ്ഥ വന്നുവെന്ന് നടന്‍ നസിറുദ്ദീന്‍ ഷാ. പുരുഷത്വത്തിന്റെ അതിപ്രസരമുള്ള സിനിമകള്‍ കാണാന്‍ തനിക്കിഷ്ടമല്ലെന്നും എങ്ങനെയാണ് ഇത്രയധികം സ്ത്രീകള്‍ ഇത്തരം സിനിമകളെ ഇഷ്ടപ്പെട്ടതെന്ന് മനസിലാകുന്നില്ലെന്നും നസിറുദ്ദീന്‍ ഷാ പറഞ്ഞു.
‘പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചു വരുന്നു. അതുകൊണ്ടാണ് അമിത പുരുഷത്വം പ്രകടമാക്കുന്ന സിനിമകള്‍ കൂടുതല്‍ ഉണ്ടാകുന്നത്. അത്തരം സിനിമകള്‍ എത്ര സ്ത്രീകള്‍ ഇഷ്ടപ്പെടും? മാര്‍വല്‍ യൂണിവേഴ്സുള്ള അമേരിക്കയില്‍ പോലും ഇത് സംഭവിക്കുന്നുണ്ട്. ഇന്ത്യയിലെ സിനിമകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ,’ നടന്‍ പറഞ്ഞു. ഞാനൊരിക്കലും അവയെ ശ്രദ്ധിക്കാറില്ല’, നടന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. എങ്ങനെയാണ് ഇത്രയധികം സ്ത്രീകള്‍ ഇത്തരം സിനിമകളെ ഇഷ്ടപ്പെട്ടതെന്ന് സംശയം തോന്നുന്നുവെന്നും ഇങ്ങനെയുള്ള സിനിമകള്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് എന്ത് നേട്ടമാണുള്ളതെന്നും നസിറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.
‘പുരുഷത്വത്തിന്റെ അതിപ്രസരമുള്ള സിനിമകള്‍ കാണാന്‍ എനിക്കിഷ്ടമല്ല. ആര്‍ആര്‍ആറും പുഷ്പയും കണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഞാന്‍ കണ്ടു. അദ്ദേഹം ആ ഒരു അജണ്ടയും ഇല്ലാത്ത ഒരു പ്രമുഖ ചലച്ചിത്രകാരനാണ്. ആര്‍ ആര്‍ ആര്‍ പോലുള്ള സിനിമകള്‍ കാണുന്നതിലൂടെ ആളുകള്‍ക്ക് എന്ത് കിട്ടുമെന്ന് എനിക്കറിയില്ല.