ഡൽഹി : പാരസെറ്റാമോൾ ഗുളികയായ ഡോളോ 650 വൻതോതിൽ രോഗികൾക്ക് കുറിച്ചുനൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയെന്ന ഡോളോയ്ക്ക് എതിരായ ആരോപണത്തിൽ ഇടപെട്ട് സുപ്രിംകോടതി. വിഷയം അതീവ ഗൗരവകരമെന്ന് സുപ്രിംകോടതി പറഞ്ഞു. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നല്കണമെന്ന് സുപ്രിം കോടതി നിർദേശം നൽകി.
1000 കോടി രൂപ ഡോളോയുടെ ഉത്പ്പാദകർ കൈക്കൂലി നൽകിയെന്നാണ് ഇൻകം ടാക്‌സ് കണ്ടെത്തിയത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത്.
ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയിൽ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളിൽ ഡോക്ടർമാർക്ക് മരുന്ന് നിർദേശിക്കാൻ പണം നൽകിയത് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തി. ആയിരം കോടിയോളം രൂപ ഡോക്ടർമാർക്ക് നൽകിയെന്നാണ് കണ്ടെത്തൽ. ഡോക്ടർമാർക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു.
ആരോപണവിധേയരായ ഡോക്ടർമാരുടെ പേരുകൾ ഉൾപ്പെടുന്ന രേഖകളും ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കൽ കമ്മിഷന് അടുത്ത ദിവസം തുടർനടപടിയെന്ന നിലയിൽ കൈമാറും. ശേഷമാകും ആരോഗ്യമന്ത്രാലയത്തിന് നിർദേശം നൽകുക.