വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നിന്ന് 2 കോടിരൂപ തട്ടിയെടുത്തു

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയോഗിച്ച് സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

ജില്ലാ ട്രഷറി ഓഫിസര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നു വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുലാല്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. ജില്ലാ ട്രഷറി ഓഫിസര്‍ ഷാനവാസ് പ്രാഥമിക റിപ്പോര്‍ട്ട് ട്രഷറി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ബിജുലാലിനെ സസ്‌പെന്‍ഡ് ചെയ്തത്.

വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസര്‍ സ്ഥാനത്തുനിന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് ബിജുലാല്‍ തന്റെയും ഭാര്യയുടേയും അക്കൗണ്ടിലേക്കു പണം മാറ്റിയെന്നാണ് കണ്ടെത്തിയത്. ആറുമാസം മുന്‍പാണ് ബിജുലാല്‍ വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസിലെത്തുന്നത്. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കു ഘട്ടംഘട്ടമായി ബിജുലാല്‍ തുക മാറ്റി. പിന്നീട് തന്റെയും ഭാര്യയുടേയും പേരിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു തുക മാറ്റുകയായിരുന്നു.

രണ്ടുകോടിയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുകൂടാന്‍ സാധ്യതയുണ്ടെന്നു ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു. ഉദ്യോഗസ്ഥന്റെ പെന്‍ നമ്പര്‍ (പെര്‍മനന്റ് എംപ്ലോയി നമ്പര്‍) പരിശോധിച്ചാല്‍ മാത്രമേ വേറെ അക്കൗണ്ടുകളിലേക്കു പണം മാറ്റിയിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയൂ. തട്ടിപ്പു നടത്താന്‍ എങ്ങനെയാണ് ബിജുലാലിനു പാസ്വേഡ് ലഭിച്ചതെന്ന കാര്യത്തില്‍ അധികൃതര്‍ക്കു വ്യക്തതയില്ല.

സബ് ട്രഷറി ഓഫിസര്‍ പാസ്വേഡ് ഉപയോഗിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ മറഞ്ഞുനിന്നു കണ്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ട്രഷറിയിലെ ഐഎസ്എംസി (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്റ് സെല്‍) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. തുക മാറ്റുന്നതിനായി ട്രാന്‍സാക്ഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്തതിനുശേഷം പിന്നീട് റദ്ദാക്കിയതും റിസര്‍വ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ ശ്രദ്ധിയില്‍പെട്ടതോടെയാണ് തട്ടിപ്പു പുറത്തായത്.

Top