ഗുരുവായൂരിലെ ഥാർ ലേലം; 43 ലക്ഷത്തിന് സ്വന്തമാക്കി പ്രവാസി വ്യവസായി വിഘ്‌നേഷ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ കാറിന് പുനർ ലേലത്തിൽ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തിൽ കാർ സ്വന്തമാക്കിയത്. അങ്ങാടിപ്പുറം സ്വദേശിയാണ്.

15 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. പുനർ ലേലത്തിൽ 14 പേരാണ് പങ്കെടുത്തത്. കാർ ലേലത്തിൽ പിടിച്ചയാൾ 43 ലക്ഷത്തിന് പുറമേ ജി എസ്ടി കൂടി അടയ്‌ക്കേണ്ടതാണ്.

ഇന്നു നടന്ന പുനർ ലേലം ഗുരുവായൂർ ഭരണ സമിതി അംഗീകരിക്കണം. തുടർന്ന് ദേവസ്വം കമ്മീഷണറുടെ അനുമതി കൂടി ലഭിക്കുന്നതോടെയാണ് ഥാർ കാർ ലേലത്തിൽ പിടിച്ച വിഘ്‌നേഷിന് കരസ്ഥമാക്കാനാകുക. മഹീന്ദ്ര കമ്പനിയാണ് ഗുരുവായൂർ ക്ഷേത്രത്തിന് ഥാർ കാർ കാണിക്കയായി സമർപ്പിച്ചത്.

നേരത്തെ നടന്ന ലേലത്തിൽ അമാൽ മുഹമ്മദ് എന്നയാൾ 15 ലക്ഷവും 10,000 രൂപയും നൽകി കാർ ലേലത്തിൽ പിടിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.

Top