നോട്ട് പിന്‍വലിക്കല്‍, 4,900 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം 21,000 പേര്‍ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം 4,900 കോടിയുടെ കള്ളപ്പണമാണ് വെളിപ്പെടുത്തിയതെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. കള്ളപ്പണം വെളിപ്പെടുത്തുന്നതിന് ആവഷ്‌ക്കരിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചതിനു ശേഷം 2,451 കോടിയുടെ നികുതി പിരിച്ചതായും ആദായ നികുതി വകുപ്പ് പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി നല്‍കിയാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുമായിരുന്നു. വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 30 ശതമാനം നികുതിയും നികുതിയിന്‍മേല്‍ 33 ശതമാനം സര്‍ചാര്‍ജും 10 ശതമാനം പിഴയും ചേര്‍ത്താണ് 50 ശതമാനം നികുതി.

മാത്രമല്ല, വരുമാനത്തിന്റെ 25 ശതമാനത്തില്‍ കുറയാത്ത തുക പലിശ ലഭിക്കാത്ത പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്‌കീമില്‍ നാലു വര്‍ഷത്തേക്ക് നിക്ഷേപിക്കുകയും വേണം. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ അനുവാദമില്ല. മാര്‍ച്ച് 31 വരെയായിരുന്നു പദ്ധതിയുടെ കാലാവധി.

Top