അഞ്ച് കോടിയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് ; കാമറൂണ്‍ സ്വദേശി പിടിയില്‍

മലപ്പുറം: ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന കാമറൂണ്‍ സ്വദേശി പിടിയില്‍. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വയെയാണ് ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്.

മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളില്‍നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

നേരത്തെ പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തിയത്. പൊലീസ് എത്തിയെന്നറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച മൈക്കിള്‍ ബൂന്‍വിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ വിലാസം ഉപയോഗിച്ച് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി. മരുന്ന്, ചെമ്പുകമ്പി, അ4 പേപ്പര്‍ തുടങ്ങിയവ കുറഞ്ഞ വിലക്ക് വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം ചെയ്തു.

തമിഴ്‌നാട്ടില്‍നിന്നും കര്‍ണ്ണാടകയില്‍നിന്നുമായി നിരവധി വ്യാപാരികളാണ് പരസ്യം കണ്ട് തട്ടിപ്പ് സംഘത്തിന് മുന്‍കൂര്‍ പണം നല്‍കിയത്. പക്ഷേ ആവശ്യപ്പെട്ട സാധനങ്ങള്‍ വ്യാപാരികള്‍ക്ക് കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ട വ്യാപാരികള്‍ വെബ്‌സൈറ്റിലെ വിലാസത്തില്‍ കാണുന്ന മഞ്ചേരിയിലെ മരുന്നുകടക്കെതിരെ പരാതിപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

Top