ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഇടക്കാല നിരോധനം ഏര്‍പ്പെടുത്തി.
ജീര്‍ണശേഷിയില്ലാത്ത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധിച്ച ഇത്തരം പ്ലാസ്റ്റിക് കവറുകള്‍ കൈയിലുള്ളവരെ കണ്ടെത്തിയാല്‍ അവരില്‍ നിന്നും 5,000 രൂപ പരിസ്ഥിതിക്ക് നഷ്ടപരിഹാരമായി പിഴ ഈടാക്കുമെന്ന് എന്‍ജിടി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതാന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മൊത്തം പ്ലാസ്റ്റിക് സ്റ്റോക്കും പിടികൂടണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും മാലിന്യ നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നതിനെ കുറിച്ച് ഇതില്‍ അറിയിക്കണമെന്നും എഎപി സര്‍ക്കാരിനോടും ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോടും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയില്‍ ഡിസ്‌പോസബിള്‍ പ്ലാസ്റ്റിക് ഉപയോഗത്തിനും എന്‍ജിടി നിരോധനമേര്‍പ്പെടുത്തിയിരുന്നു. എങ്കിലും പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ജൂലൈ 31ന് ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.