തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ 8 ലക്ഷം രൂപ വിലവരുന്ന നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ചയാളെ വനംവകുപ്പ് പിടികൂടി. കിളിമാനൂരില്‍ നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ച റാന്നി സ്വദേശി സച്ചിനെയാണ് വനം വകുപ്പ് പിടികൂടിയത്.
ഫോറസ്റ്റ് വിജിലന്‍സ് വിഭാഗമാണ് നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിക്കുന്ന വിവരം ചുള്ളിമാനൂര്‍ ഫ്‌ലയിങ്ങ് സ്‌ക്വാഡിന് നല്‍കുന്നത്. തുടര്‍ന്ന് കിളിമാനൂരില്‍ വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ഉദ്യോഗസ്ഥര്‍ വളയുകയായിരുന്നു.
പ്രതികളിലൊരാളായ റാന്നി സ്വദേശി സച്ചിനെ വനം വകുപ്പ് പിടികൂടി. എന്നാല്‍ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. റാന്നി സ്വദേശിയായ ഗോപനും കൂടെയുണ്ടായിരുന്ന ജയശങ്കറും മറ്റൊരാളുമാണ് ഓടി രക്ഷപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും വനംവകുപ്പ് അറിയിച്ചു. ഏകദേശം 682 ഗ്രാം ഭാരം വരുന്ന അപൂര്‍വ്വയിനം നക്ഷത്ര ആമയെയാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഫോറസ്റ്റ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.