ദില്ലി: എട്ടായിരം കോടി രൂപയുടെ കിട്ടാക്കടം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രഷന്‍ കമ്പനിക്ക്(എന്‍എആര്‍സിഎല്‍) കൈമാറി പഞ്ചാബ് നാഷണല്‍ ബാങ്ക്. എന്‍എആര്‍സിഎല്‍ ജൂലൈ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പിഎന്‍ബി മാനേജിങ് ഡയറക്ടര്‍ എസ് എസ് മല്ലികാര്‍ജ്ജുന റാവുവാണ് കിട്ടാക്കടത്തിന്റെ കൈമാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.
പുതുതായി ആരംഭിക്കുന്ന ബാഡ് ബാങ്കിന്റെ 51 ശതമാനം ഓഹരികളും പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. നേരത്തെ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി രംഗത്ത് വന്നതെങ്കിലും പിന്നീട് കേന്ദ്രസര്‍ക്കാര്‍ ദേശീയ ബജറ്റില്‍ ഇത് രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്‍എആര്‍സിഎല്ലില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് പത്ത് ശതമാനത്തില്‍ താഴെ ഓഹരിയാണ് ഉണ്ടാവുക. കിട്ടാക്കടങ്ങളെ തുടര്‍ന്ന് ബാങ്കുകള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയാണ് പുതിയ ബാഡ് ബാങ്കിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പിഎന്‍ബി തങ്ങള്‍ക്ക് കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമ്മേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലുള്ള ഓഹരികള്‍ അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും പിന്മാറാനാണ് ബാങ്കിന്റെ തീരുമാനം.