RSS activist hacked to death in Kerala- 8 CPM workers arrested

കണ്ണൂര്‍: പാപ്പിനിശേരി അരോളിയില്‍ ബിജെപി പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്‍ദനനന്‍, മാതാവ് സുലോചന, സഹോദരന്‍ ജയേഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പത്ത് പേരടങ്ങുന്ന സംഘം അര്‍ധരാത്രി വീട്ടില്‍ക്കയറി സുജിത്തിനെ പുറത്തേക്ക് വലിച്ചിറക്കി അടിച്ചും വെട്ടിയും അവശനാക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. സുജിത്തിനെ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുജിത് പെയിന്റിങ് തൊഴിലാളിയാണ്.

രാത്രിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അരോളിയിലും പരിസരങ്ങളിലും രണ്ടു വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വേണുഗോപാലന്‍, ഇ. ബാലചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top