കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
തലശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് 900 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
സിപിഎം പിണറായി ഏരിയ കമ്മിറ്റിയംഗം ഉള്‍പ്പെടെ 15 പ്രതികളുള്ള കേസില്‍ ഇതുവരെ ഒന്‍പതു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ആറു പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
സിപിഎം പ്രവര്‍ത്തകരായ രവീന്ദ്രന്‍, മോഹനന്‍ എന്നിവരെ കൊലപ്പെടുത്തിയതിന്റെ വിരോധത്തിലാണ് പ്രതികള്‍ രമിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
2016 ഒക്ടോബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ പിണറായി ഓലയമ്പലത്തെ വീടിനടുത്തുവച്ച് ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് അക്രമിസംഘം ലോറി ഡ്രൈവറായ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കെ.മോഹനന്‍ കൊല്ലപ്പെട്ട് 48 മണിക്കൂറിനുള്ളിലാണ് രമിത്ത് കൊല്ലപ്പെട്ടത്.