ഭോപ്പാൽ: ഭോപ്പാലിൽ മലയാളി സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് പൊലീസ് തടഞ്ഞത്.
ബിജെപി-ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധിക്കും എന്ന മുന്നറിയിപ്പുണ്ടെന്ന കാരണം പറഞ്ഞായിരുന്നു തടഞ്ഞത്. ഇക്കാര്യം പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു.
വൈകുന്നേരം 5.30നു ബിഎസ്എസ് ഗ്രൗണ്ടിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഹോട്ടൽ മുറിയിൽ നിന്ന് ഗ്രൗണ്ടിലേക്ക് പുറപ്പെട്ട പിണറായി വിജയനെ എസ്പിയുടെ നിർദേശം ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പിണറായി തിരികെ പോന്നു. ഇന്നു രാത്രി പിണറായി ഭോപ്പാലിൽ നിന്നു മടങ്ങും.
അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ഖേദം പ്രകടിപ്പിച്ചു.ഡിജിപി നേരിട്ടെത്തി പിണറായി വിജയനോട് ക്ഷമ ചോദിച്ചു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഫോണിൽ വിളിച്ചും പിണറായിയോട് ഖേദം പ്രകടിപ്പിച്ചു.
ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഹാളിലായിരുന്നു ഇന്ന് പരിപാടി സംഘടിപ്പിച്ചിരുന്നത്. യുണൈറ്റഡ് മലയാളി അസോസിയേഷൻ, ഭോപ്പാൽ മലയാളി അസോസിയേഷൻ, സൗത്ത് ഭോപ്പാൽ മലയാളി സമാജം എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.