കണ്ണൂര്‍: കണ്ണൂരില്‍ പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ്-ബിജെപി നീക്കമെന്ന് സിപിഐഎം. തലശേരി നങ്ങാരത്ത് പീടികയില്‍ കെപി ജിജേഷ് സ്മാരകമന്ദിരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിക്കുകയും മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്തു.
അതേസമയം കോടിയേരി ബാലകൃഷ്ണന് നേരെയുണ്ടായ ആര്‍എസ്എസ് അക്രമത്തെ ജനാധിപത്യപരമായ രീതിയില്‍ നേരിടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനകീയ നേതാക്കളെ ആക്രമിക്കുന്നത് ആര്‍എസ്എസ് ബിജെപി പ്രവണതയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ഇന്നലെ നങ്ങാരത്ത് പീടികയില്‍ സിപിഐഎം സംഘടിപ്പിച്ച കെപി ജിജേഷ് സ്മാരകമന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം. കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടെ യോഗവേദിക്ക് സമീപം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബേറ് നടത്തുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമ്മേളനത്തിന്റെ ബോര്‍ഡും മറ്റും നേരത്തെ ആര്‍എസ്എസുകാര്‍ കരി ഓയിലൊഴിച്ച് നശിപ്പിച്ചിരുന്നു.
പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സിപിഐഎം ആരോപിച്ചു. സംസ്ഥാന വ്യാപകമായി പ്രശ്‌നം സൃഷ്ടിക്കാനാണ് നീക്കമെന്നും ആര്‍എസ്എസിന്റെ ഗൂഢലക്ഷ്യം മനസിലാക്കി പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ പ്രതിഷേധിക്കുകയാണാവശ്യമെന്നും സിപിഐഎം വ്യക്തമാക്കി. ഇതിനിടെ കണ്ണൂര്‍ ചാവശേരി നടുവനാട് സിപിഐഎം പ്രകടനത്തിന് നേരെ വീണ്ടും ബോംബേറ് നടന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.