തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി ജയരാജന് ജാമ്യം നിഷേധിക്കപ്പെടാന്‍ കാരണം യുഎപിഎ നിയമം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് യുഎപിഎ കതിരൂര്‍ മനോജ് വധക്കേസില്‍ ചേര്‍ത്തത്.
സാധാരണ തീവ്രവാദ ആക്രമണങ്ങള്‍ അടക്കമുള്ളവയിലാണ് യുഎപിഎ ചുമത്തുന്നത്.
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തേണ്ട ഒരു കാര്യവും ഇല്ലായിരുന്നുവെന്നും ചെന്നിത്തല കാണിച്ചത് നെറികേടാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.
രാജ്യത്തെ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി ജാമ്യമില്ലാതെ മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുന്നതില്‍ ശക്തമായ അമര്‍ഷമാണ് സിപിഎം നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലുമുള്ളത്.
ജാമ്യം നിഷേധിക്കാന്‍ യുഎപിഎ നിയമമാണ് ഹൈക്കോടതിയെ പ്രേരിപ്പിച്ചതെന്ന വാര്‍ത്ത പുറത്ത് വന്നത് ചെന്നിത്തലക്കെതിരായ രോഷമായി മാറിയിരിക്കുകയാണിപ്പോള്‍.
ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പൊലീസ് നിയമന തട്ടിപ്പിലും ബാര്‍ കോഴക്കേസിലും ചെന്നിത്തല അനുഭവിക്കേണ്ടി വരുമെന്നാണ് സിപിഎം ചെന്നിത്തലക്ക് നല്‍കുന്ന മുന്നറിയിപ്പ്.
ആര്‍എസ്എസിന്റെ വാലായി ആഭ്യന്തരമന്ത്രി മാറിയെന്ന് ആരോപിച്ച് വലിയ പ്രതിഷേധം രമേശ് ചെന്നിത്തലക്കെതിരെ ഉയരുന്ന പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള അതിരുവിട്ട പ്രതിഷേധം സിപിഎം അണികള്‍ക്കിടയില്‍ നിന്ന് രമേശ് ചെന്നിത്തലക്കു നേരെയുണ്ടാവുമോ എന്ന ആശങ്കയിലാണ് പൊലീസ് അധികൃതര്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 20 സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ട് കൊലക്കേസുകളില്‍ യുഎപിഎ ചുമത്തപ്പെട്ട ആര്‍എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ സര്‍ക്കാരും ആര്‍എസ്എസ് നേതൃത്വവും ഒത്തുകളിച്ചെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ആര്‍എസ്എസ് നേതൃത്വം ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറഞ്ഞ അതേ വാചകങ്ങളാണ് സിബിഐ കേസ് ഡയറിയിലെന്ന് എം വി ജയരാജനും ആരോപിച്ചു.
‘കോഴിക്കോട്-കണ്ണൂര്‍ ജില്ലകളിലെ നിരവധി കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രമാണ് ജയരാജനെന്ന’ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവിന്റെ പ്രതികരണം.