ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണമെന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഉപയോഗിക്കുന്നതാണ് ആള്‍ക്കൂട്ട ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ മുഴുവന്‍ ആള്‍കൂട്ടക്കൊലകളായി വ്യാഖ്യാനിക്കുന്നത് രാജ്യത്തെയും ഹിന്ദുസമൂഹത്തെയും അപമാനിക്കാനും മറ്റുസമൂഹങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനും ഉദ്ദേശിച്ചാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആള്‍കൂട്ടക്കൊല എന്നത് അന്യമാണ്. അത് ഇന്ത്യയില്‍ ഉത്ഭവിച്ച വാക്കല്ല. ഒരു പ്രത്യേക മതത്തില്‍നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജ്യത്തെ അപമാനിക്കാന്‍ ആള്‍ക്കൂട്ട ആക്രമണം എന്ന പദം ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിക്കണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും അത്തരം സംസ്‌കാരമാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെക്കുറിച്ചുള്ള ചിന്താഗതി കഴിഞ്ഞ കുറച്ച് വര്‍ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. വികസിത ഭാരതത്തെക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. ഇത്തരക്കാര്‍ ഭാരതം ഒരു ശക്തവും ഊര്‍ജ്വസ്വലവുമായ രാജ്യമാകുന്നതിനെ ഭയക്കുന്നവരാണ്. ഇവരെ ബൗദ്ധിക തലത്തിലും സാമൂഹിക തലത്തിലും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന് പ്രത്യേകാധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും മോഹന്‍ ഭാഗവത് അഭിനന്ദിക്കുകയും ചെയ്തു.കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി കെ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.