അഹമ്മദാബാദ് : ആര്‍എസ്എസ് തത്വശാസ്ത്രമാണ് പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ തന്നെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രചോദിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
മഹാത്മാഗാന്ധിയുടെ നാട്ടില്‍ നിന്നുള്ള ഒരു പ്രധാനമന്ത്രിക്കോ ഗോവയില്‍ നിന്നുള്ള ഒരു പ്രതിരോധ മന്ത്രിക്കോ ഇത്രയും ശക്തമായ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. അതിലേക്ക് ഞങ്ങളെ നയിച്ചത് ആര്‍എസ്എസ് തത്വശാസ്ത്രമാണെന്ന് പരീക്കര്‍ പറഞ്ഞു
ദേശീയ സുരക്ഷയ്ക്കുമേല്‍ കടന്നാക്രമണമുണ്ടായാല്‍ രാജ്യം പെട്ടെന്നു പ്രതികരിക്കുമെന്നും രാജ്യം മുഴുവന്‍ പിന്തുണയുമായി സൈന്യത്തിന് പിന്നിലുണ്ടാകുമെന്നുമുള്ള രണ്ടു കാര്യങ്ങള്‍ മിന്നലാക്രമണത്തിലൂടെ ഇന്ത്യ തെളിയിച്ചു. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കു നേരെയുള്ള പാക് ആക്രമണം വര്‍ഷങ്ങളായി തുടരുന്നതാണ്. എന്നാല്‍ ശത്രുവിന് ഇന്ത്യ തക്കതായ മറുപടി നല്‍കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി
ഉറി ഭീകരാക്രമണത്തിനു പിന്നാലെ താനും പ്രധാനമന്ത്രിയും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയരായി. പിന്നീട്, ഇന്ത്യ മിന്നലാക്രമണം നടത്തുന്നത് വരെ ഇത് തുടര്‍ന്നു. മിന്നലാക്രമണത്തിന് തെളിവ് വേണമെന്നാണ് ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ഥ തെളിവ് നല്‍കിയാലും ഇത്തരക്കാര്‍ വിശ്വസിക്കില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 29ന് ആണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. നാല്‍പ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.