rss impose its views on everyone seetharam yechury

ന്യൂഡല്‍ഹി: ആര്‍എസ്എസ് എല്ലാവരിലും പിന്തിരിപ്പന്‍ ചിന്താഗതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇന്ത്യാ-ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ ഇടതുപക്ഷം ആഘോഷിച്ചു എന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത്? അദ്ദേഹം ചോദിച്ചു. ഗാന്ധിജി മരിച്ചപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസ് തലവന്‍ ഗോള്‍വള്‍ക്കറിനോട് പറഞ്ഞിരുന്നു എന്നതും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി രാംജാസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ സെമിനാര്‍ സമ്മര്‍ദ്ദത്തിലൂടെ റദ്ദാക്കുകയും പിന്നീട് വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടാണ് മന്ത്രി അധികാരത്തിലെത്തിയതെന്നും എന്നാല്‍ ഗുല്‍മെഹര്‍ കൗറിനെ ആക്രമിക്കുന്നവര്‍ക്കൊപ്പമാണ് അദ്ദേഹമെന്നും യെച്ചൂരി പറഞ്ഞു.

സംഘപരിവാറിന് തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കാനാവശ്യമായ കരുത്തില്ല. ആക്രമങ്ങളാണ് അവര്‍ക്കെതിരായ ആശയങ്ങളോടുള്ള ആയുധങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങള്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്താണ് കാണേണ്ടത്. എന്താണ് ചെയ്യേണ്ടത്, എങ്ങനെ ജീവിക്കണം തുടങ്ങിയ പിന്തിരിപ്പന്‍ ആശയങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Top