exclusive-ഗവര്‍ണ്ണറെ മാറ്റണമെന്ന് ആര്‍ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ പി. സദാശിവത്തെ മാറ്റി പകരം സംഘപരിവാറിന്റെ വിശ്വസ്തനെ കൊണ്ടുവരാന്‍ നീക്കം.

ആര്‍എസ്എസ് നേതൃത്വം ഇടപെട്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. സംസ്ഥാനത്ത് നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ ശക്തമായ ഇടപെടല്‍ ഗവര്‍ണ്ണര്‍ നടത്തുന്നില്ലെന്നതാണ് പ്രധാന പരാതി.

ഇക്കാര്യം ആര്‍എസ്എസ് കേന്ദ്രനേതൃത്വം വഴി ബിജെപി നേതൃത്വത്തെയും കേന്ദ്രസര്‍ക്കാറിനെയും അറിയിക്കും.

കണ്ണൂരില്‍ ആര്‍എസ്എസ് കാര്യവാഹ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഗവര്‍ണ്ണര്‍ സദാശിവത്തിന് ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയതാണ് ആര്‍എസ്എസ് നേതൃത്വത്തെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരിച്ച ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ് ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് നല്‍കാനുള്ള ഇടനിലക്കാരനായി ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തുറന്നടിച്ചിരുന്നു.

ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു സംഘത്തിന്റെ വിശ്വസ്തനായ എം ടി രമേശ് പരസ്യമായി രംഗത്ത് വന്നതെന്നാണ് സൂചന.

മറ്റെല്ലാവരെയും പോലെ ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും കണ്ണൂരിലെ ആര്‍ എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും ആരുടെയും ഔദാര്യമല്ല ചോദിക്കുന്നതെന്നുമാണ് എം ടി രമേശ് പറഞ്ഞിരുന്നത്.

ഗവര്‍ണ്ണര്‍ അദ്ദേഹത്തില്‍ നിഷിപ്തമായ അധികാരം ഉപയോഗിക്കണമെന്നതാണ് ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ ആവശ്യം.

സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ അടിയന്തര ഘട്ടങ്ങളില്‍ വിളിച്ചുവരുത്താനും സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനും ഇക്കാര്യം കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികാരമുള്ള ഗവര്‍ണ്ണര്‍ ആ നടപടി സ്വീകരിക്കാത്തതിലാണ് രോക്ഷം.

കണ്ണൂരിലെ വര്‍ദ്ധിച്ചു വരുന്ന ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ ക്രമസമാധാന ചുമതല പട്ടാളത്തെ ഏല്‍പ്പിക്കാന്‍ അഫ്‌സപ നടപ്പാക്കണമെന്നും സംഘപരിവാര്‍ നേതൃത്വം ആവശ്യപ്പെടുന്നു.

ഇതിനാവശ്യമായ തരത്തിലുള്ള ഇടപെടലുകളാണ് ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും സംഘം ആഗ്രഹിച്ചിരുന്നത്.

ഗവര്‍ണ്ണര്‍ ഇടപെട്ടാല്‍ ഫെഡറല്‍ സംവിധാനത്തിനു മേലുള്ള കടന്നുകയറ്റമായി അത് ചിത്രീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും സിപിഎമ്മിനും കഴിയില്ലെന്നാണ് അടുത്തയിടെ നടന്ന കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

പിണറായി സര്‍ക്കാര്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്കെതിരെ ഇനിയും കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ക്രമസമാധാന പ്രശ്‌നം സംസ്ഥാനത്തുണ്ടാകുമെന്നും അത്തരം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ച് വിടുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാറിനു പോവേണ്ടിവന്നാല്‍ ഗവര്‍ണ്ണറായി സംഘത്തിന്റെ ശക്തനായ പ്രതിനിധി തന്നെ വേണമെന്ന കാഴ്ചപ്പാടും ആര്‍ എസ് എസ് നേതൃത്വത്തിനുണ്ട്.

സദാശിവത്തെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറാക്കിയത് അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൂടി അഭ്യര്‍ത്ഥന മാനിച്ചായിരുന്നു.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്ന മോദി സര്‍ക്കാറിന് എ ഐ എ ഡി എം കെ പിന്തുണ നല്‍കിയ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ഗവര്‍ണ്ണറായിരുന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവ് റോസയ്യയെ ജയലളിതയുടെ അഭ്യര്‍ത്ഥന മാനിച്ച് മാറ്റാനും കേന്ദ്രം അന്ന് തയ്യാറായിരുന്നില്ല. ഇത് കോണ്‍ഗ്രസ്സ് നേതാക്കളെ പോലും അത്ഭുതപ്പെടുത്തുകയുണ്ടായി.

സദാശിവം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു എന്ന പരിഗണനയും അദ്ദേഹത്തെ ഗവര്‍ണ്ണറാക്കുന്നതിന് സഹായകരമായി.

സദാശിവത്തെ മറ്റ് ഏത് സംസ്ഥാനത്തേക്ക് മാറ്റിയിട്ടാണെങ്കില്‍ പോലും കേരളത്തില്‍ തമിഴ്‌നാട്ടിലെ പോലെ ശക്തനായ സംഘം പ്രവര്‍ത്തകനെ ഗവര്‍ണ്ണറായി നിയമിക്കണമെന്നതാണ് ആവശ്യം.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണക്കുന്ന വ്യക്തി തിരഞ്ഞെടുക്കപ്പെടുന്നതോടെ സംസ്ഥാന സര്‍ക്കാറിനെതിരെ കൂടുതല്‍ കടുത്ത നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മാറുമെന്ന സൂചനയും ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്.

രാജ്യത്ത് ആര്‍ എസ് എസിന് ഏറ്റവും അധികം ശാഖകള്‍ മാത്രമല്ല കൂടുതല്‍ ബലിദാനികളും കേരളത്തില്‍ നിന്നു തന്നെയാണ് എന്നതിനാല്‍ ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളേക്കാള്‍ ആര്‍ എസ് എസിന് പ്രിയപ്പെട്ട സംസ്ഥാനമാണ് കേരളം.

പ്രതികൂല സാഹചര്യത്തിലും പ്രസ്ഥാനത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച കേരളത്തിലെ സ്വയം സേവകരുടെ ചരിത്രമാണ് ആര്‍എസ്എസ് ക്യാംപുകളില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ നേതൃത്വം ചൂണ്ടിക്കാണിക്കാറുള്ളത്.

ബിജെപിക്ക് അധികാരം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടതുഭരണം മാറിയാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഒഴിവാകുമെന്നതിനാണ് ആര്‍ എസ് എസ് നേതൃത്വം പ്രധാനമായും പ്രാമുഖ്യം കൊടുക്കന്നത്.

Top