തിരുവനന്തപുരം: ദിലീപ് വിഷയത്തിൽ താര സംഘടന എടുത്ത തീരുമാനത്തിനെതിരെ രംഗത്ത് വന്ന് മോഹൻലാലിനെതിരെ തുറന്നടിച്ച വി.മുരളീധരന് എതിരെ ആർ.എസ്.എസ് നേതൃത്വത്തിൽ പ്രതിഷേധം.
അനവസരത്തിലുള്ള പ്രതികരണമാണ് ഇതെന്നും സംഘടനാപരമായി ഐക്യകണ്ഠേന താര സംഘടന എടുത്ത തീരുമാനത്തിൽ മോഹൻലാലിനെ ലക്ഷ്യമിട്ട് മാത്രം മുരളീധരൻ നടത്തിയ പ്രതികരണം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും ആർ.എസ്.എസ് നേതൃത്വം കരുതുന്നു.
ഇക്കാര്യത്തിൽ സംഘത്തിനുള്ള അമർശം ബി.ജെ.പി നേതൃത്വത്തെ ആർ.എസ്.എസ് അറിയിക്കും. മോഹൻലാലിനെതിരെ ചാനൽ ചർച്ചകളിൽ നിലപാട് സ്വീകരിക്കരുതെന്ന് നേതൃത്വം ബി.ജെ.പിക്ക് കർശന നിദ്ദേശം നൽകിയിട്ടുണ്ട്.
ഏറെ വിമർശനമുയർന്നിട്ടും സംസ്ഥാന ആർ.എസ്.എസ് നേതാക്കളോടുള്ള അടുപ്പം ഉപേക്ഷിക്കാതെ അവരുടെ കൂടെ വിശ്വഭാരതി ട്രസ്റ്റിന്റെ രക്ഷാധികാരിയായി പ്രവർത്തിച്ചു വരുന്ന താരത്തിന് മുരളീധരന്റെ പ്രതികരണം തിരിച്ചടിയായിരുന്നു.
‘അമ്മ’ എന്ന താരസംഘടനയുടെ അദ്ധ്യക്ഷനെന്ന നിലയിൽ മോഹൻലാൽ അധികാരമേറ്റ ഉടനെ തന്നെ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത് ദൗർഭാഗ്യകരമാണെന്നും ലാലിന്റെ പ്രതിച്ഛായക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അതെന്നുമാണ് മുരളീധരൻ വിമർശിച്ചിരുന്നത്.
മലയാളികളുടെ ജനാധിപത്യ ബോധത്തിനു നേരെയുള്ള വെല്ലുവിളിയാണ് ‘അമ്മയിൽ’ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കൽപ്പത്തിന് പകരം ചിലർ മറ്റുള്ളവരേക്കാൾ വലിയവർ എന്ന സ്ഥിയാണ് ഇതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
ഇതിനിടെ സി.പി.എം പി.ബി അംഗം എം.എ ബേബിയും ‘അമ്മ’ നേതൃത്വത്തിനെതിരെ രംഗത്തു വന്നു. നടൻ ദിലീപിനെ തിരിച്ചെടുത്തത് ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബേബി പ്രതികരിച്ചത്.
അമ്മയിൽ നിന്നും രാജിവച്ച നടിമാർക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടെന്നും ബേബി ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.